ജിസാന്‍ - ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും സന്ദര്‍ശിച്ചു. ഭരണാധികാരികളുടെ അഭിവാദ്യങ്ങള്‍ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും പരിക്കേറ്റവരെ അറിയിക്കുകയും എത്രയും വേഗം പരിക്കുകള്‍ ഭേദമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. തിങ്കളാഴ്ച ജിസാന്‍ എയര്‍പോര്‍ട്ടിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വ്യത്യസ്ത രാജ്യക്കാരായ പതിനാറു സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കൂട്ടത്തില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണെന്നും സഖ്യസേന അറിയിച്ചിരുന്നു.