Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വി.സി നിയമനക്കാര്യത്തില്‍ സര്‍ക്കാരിന് ആശ്വാസ വിധി

കൊച്ചി- കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമന കേസില്‍ സര്‍ക്കാരിന് ആശ്വാസ വിധി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സെനറ്റ് അംഗം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ച നടപടി ഡിവിഷന്‍ ബെഞ്ചുകൂടി ശരിവച്ചതോടെ അദ്ദേഹത്തിനു തുടരാം.

പുനര്‍നിയമന നടപടി സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും നിയമനം ശരിവച്ച സിംഗിള്‍ബെഞ്ച് ഇതു പരിഗണിച്ചില്ലെന്നുമായിരുന്നു അപ്പീല്‍ ഹരജിക്കാരുടെ വാദം. എന്നാല്‍ പുതിയ നിയമനമല്ല, പുനര്‍ നിയമനമാണ് നടത്തിയതെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. പുനര്‍ നിയമനമായതിനാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ ആവശ്യമില്ലെന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

പുനര്‍നിയമനമായതിനാല്‍ വിസി നിയമനത്തിനു പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ആദ്യ നിയമനത്തില്‍ മാത്രമാണ് പ്രായപരിധി പരിഗണിക്കേണ്ടതുള്ളൂ എന്ന വാദവും അംഗീകരിച്ചു. യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങളിലും പുനര്‍ നിയമനത്തിനു സെര്‍ച്ച് കമ്മിറ്റി ആവശ്യമില്ലെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന സിംഗിള്‍ ബെഞ്ച് കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.

 

Latest News