പോലീസിലും ഭരണ സംവിധാനത്തിലുമെല്ലാം അത്യാവശ്യം കാടിളക്കമുണ്ടാക്കാൻ സാധ്യതയുള്ളതാണ് കോരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ ആർ. ശ്രീലേഖയുമായി ഒരു ചാനൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെന്ന് മുൻ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ വിഷയം എടുത്തിട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി സ്വത സിദ്ധമായ കൗശലം നിറഞ്ഞതായി.
കേരള പോലീസിൽ വനിതാ ഉദ്യോഗസ്ഥർക്ക് ലൈംഗിക അതിക്രമം ഉൾപ്പെടെ നേരിടേണ്ടി വരുന്നതായി ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സർവീസിലുണ്ടായിരുന്ന കാലത്തെ തന്റെ ദുരനുഭവങ്ങളും അവർ വെളിപ്പെടുത്തുകയുണ്ടായി.
വനിത ആയത് കൊണ്ട് അപമാനം സഹിച്ചാണ് കേരള പോലീസിൽ ഇരുന്നതെന്ന് ശ്രീലേഖ പറഞ്ഞതായി തിരുവഞ്ചൂർ സഭയിൽ വ്യക്തമാക്കിയപ്പോൾ, ഇതുമായി ബന്ധപ്പെട്ട് ആർ. ശ്രീലേഖ ഇതുവരെ തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പോലീസിൽ എന്തെങ്കിലും തെറ്റായ നടപടികളുണ്ടെന്ന് തന്നോട് ആർ. ശ്രീലേഖ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആഗ്രഹങ്ങൾ പറഞ്ഞിട്ടുണ്ട്. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകുമല്ലോ. അതെല്ലാം നടക്കണമെന്നില്ല -ശ്രീ ലേഖക്ക് ഡി.ജി.പിയാകാൻ പറ്റാത്തതിനെ പരാമർശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ശ്രീലേഖക്കു നേരെയുള്ള പരിഹാസമായി. എപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അവർ തന്നെ പറയണം. ഈ സർക്കാരിനെയോ മുൻ സർക്കാരിനെയോ (ഒന്നാം പിണറായി സർക്കാർ) ആർ. ശ്രീലേഖ പരാമർശിച്ചിട്ടില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോഴും ആർ. ശ്രീലേഖ സർവീസിൽ ഉണ്ടായിരുന്നെന്നൊരു കുത്തും മുഖ്യമന്ത്രി തിരിച്ചു കൊടുത്തു. ആരുടെ കാലത്തെ കാര്യമാണ് ശ്രീലേഖ പറഞ്ഞതെന്ന സംശയം നില നിർത്തിയുള്ള മറുപടി.
തിരുവഞ്ചൂർ നല്ല ഭാവനയുള്ള ആളാണ്. ആ ഭാവനയുടെ ഭാഗമായി ചിലത് സംഭവിക്കാൻ പോവുകയാണോ എന്ന് സംശയിക്കുകയാണ്. പോലീസിന്റെ കാര്യത്തിൽ ആശങ്ക വേണ്ട. നീതി എല്ലാ തരത്തിലും നടപ്പിലാക്കപ്പെടും. പോലീസ് സ്റ്റേഷനുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നമില്ല.
ശശി തരൂർ, ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയം കത്താൻ പോകുന്നതിന്റെ സൂചനയായി ഇതൊക്കെ മാറി.
സിൽവർലൈനും, ലോകായുക്ത ഓർഡിനൻസുമൊക്കെ തന്നെയായിരുന്നു ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ചയുടെ തുടക്ക ദിവസത്തിലെ മുഖ്യ വിഷയങ്ങൾ. മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ തുടങ്ങിവെച്ച ചർച്ചയിൽ 17 അംഗങ്ങൾ പങ്കു ചേർന്നു. ഭരണ കക്ഷി അംഗങ്ങളെല്ലം പതിവ് പോലെ തുടർ ഭരണം ലഭിച്ച കാര്യം പറഞ്ഞ് പ്രതിപക്ഷ വിമർശങ്ങളെ നിസ്സാരവൽകരിച്ചു. ഗെയിൽ പദ്ധതിയും, കെ-ഫോണുമൊക്കെ യാഥാർഥ്യമായതു പോലെ സിൽവർലൈനും യാഥാർഥ്യമാകുന്നത് കാത്തിരുന്നു കണ്ടോളൂ എന്ന് അവരുടെ വെല്ലു വിളി. സിൽവർലൈൻ പദ്ധതിക്കായി കുടിയൊഴിപ്പിക്കുന്നവരുടെ കാര്യം ഇടക്ക് കെ.കെ. ശൈലജ ടീച്ചർ ചോദ്യ വിഷയമാക്കുന്നത് കേട്ടു. ബിസിനസ് രംഗത്തുള്ള മഞ്ഞളാം കുഴി അലി പക്ഷെ പണ ലഭ്യതയുടെ കണക്ക് വെച്ചാണ് ഭരണ കക്ഷി വാദങ്ങളെ നേരിട്ടത്. നാല് ലക്ഷം കോടി ഇപ്പോൾ തന്നെ കേരളത്തിന് കടമുണ്ട്. എവിടെ നിന്ന് കാശു കൊണ്ടു വന്നാണ് ഈ പറയുന്ന പദ്ധതിയൊക്കെ നടപ്പാക്കാൻ പോകുന്നതെന്ന് അലിയുടെ ചോദ്യം. ലോട്ടറി അടിച്ചവർ ധൂർത്ത് നടത്തി പഴയ ദാരിദ്ര്യത്തിൽ ചെന്ന് വീണ അനുഭവമുണ്ട്. അതു തന്നെയാണിപ്പോൾ ഭരണ തുടർച്ച കിട്ടിയ ഇടതുപക്ഷവും ചെയ്യുന്നത്. എന്തോക്കെയോ കാണിക്കുകയാണ്. അലൂമിനിയ പാത്രത്തിൽ തല കുടുങ്ങിയ ഒരു ജീവിയെയാണ് പ്രതിപക്ഷത്തെ കാണുമ്പോൾ കടകം പള്ളി സുരേന്ദ്രന് ഓർമ വരുന്നത്. പിണറായിയുടെ സിൽവർലൈനിന്റെ വേഗതയിൽ രാഷ്ട്രീയ റെയിലിന്റെ അടിയിൽപ്പെട്ടു പോയവരല്ലെ നിങ്ങളൊക്കെ എന്ന് കടകം പള്ളിയടക്കമുള്ളവർക്ക് മന്ത്രിമാരാകൻ പറ്റാത്തതിനെ വ്യംഗ്യമായി സൂചിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരിച്ചടി.
നന്ദി പ്രമേയ ചർച്ചക്കിടയിൽ കോവിഡ് പർച്ചേസ് അഴിമതി വിവരങ്ങൾ സഭയിൽ എഴുതി നൽകി പി.സി. വിഷ്ണുനാഥ് രംഗം കൊഴുപ്പിച്ചു. ഹരജി പുറത്ത് തന്നെ മന്ത്രി വീണാ ജോർജിന്റെ നിഷേധം. ആർ.എസ്.എസ് കാരനായ ഗവർണറെ നേരിടാൻ ബംഗാളിൽ മമതാ ബാനർജി കാണിക്കുന്ന ധൈര്യത്തിന്റെ ചെറിയ അംശമെങ്കിലും ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തിൽ നിങ്ങൾക്കുണ്ടോ എന്ന് ലീഗിലെ എൻ. ഷംസുദ്ദീന്റെ ചോദ്യത്തിനെ തിരെ സി.പി.എമ്മിലെ വി. ജോയ് ക്രമപ്രശ്‌ന മുയർത്തി. പി.വി. അൻവറിനെതിരെ വരുന്ന ഒരു വിമർശവും അംഗത്തെ ബാധിച്ച മട്ടില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ അൻവർ പതിവ് ശൈലിയിൽ തന്നെ സംസാരിച്ചു.
സിൽവർലൈൻ ഭാവി കേരളത്തിന്റെ അത്യാവശ്യമാണെന്ന് അൻവർ സമർഥിച്ചു. ലോകായുക്ത വിഷയത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിന്റെ ഇടപെടൽ ശക്തമായിരുന്നു. ഭേദഗതിയുടെ അത്യാവശ്യമെന്താണെന്ന് സി.പി.ഐ മന്ത്രിമാരേയും കാനത്തേയും ആദ്യം ബോധ്യപ്പെടുത്താൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാർ ജനങ്ങളുടെ പണം കൊള്ളയടിച്ചു കൊണ്ടു പോകുകയാണ്. കോവിഡ്, പണം കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റി. ലോകായുക്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ ചിന്തയിൽ എഴുതിയ ലേഖനം സണ്ണി ജോസഫ് സഭയിൽ വായിച്ചു, പുതിയ ചിന്തയിലേക്ക് എങ്ങനെ മാറി? പല്ലും നഖവും കൊണ്ട് ലോകായുക്ത ഒരു കടി കടിച്ചു. ആ വേദന മാറിയിട്ടില്ല. അതല്ലെ കാര്യം -സണ്ണി ജോസഫിന്റെ പരിഹാസം.