റിയാദ് - മേഖലാ രാജ്യങ്ങളുടെ മുഴുവന്‍ സുരക്ഷാ ഭീതികളും ഇല്ലാതാക്കുന്ന ആണവ കരാര്‍ ഇറാനുമായി അന്താരാഷ്ട്ര സമൂഹം ഒപ്പുവെക്കണമെന്നാണ് സൗദി അറേബ്യ പ്രത്യാശിക്കുന്നതെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, യൂറോപ്യന്‍ യൂനിയന്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സൗദി അറേബ്യ നിരീക്ഷിച്ചുവരികയാണ്.
ഇറാന്‍ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് നടക്കുന്ന ശ്രമങ്ങളില്‍ പ്രതീക്ഷയുണ്ട്. ഇറാന്‍ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂനിയന്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇറാന്‍ ആണവ പദ്ധതിയും മേഖലാ സുരക്ഷയുമായും ബന്ധപ്പെട്ട മേഖലാ രാജ്യങ്ങളുടെ മുഴുവന്‍ ഭീതിയും ഇല്ലാതാക്കുന്ന തുടക്കമാകണം ഇറാനുമായി ഒപ്പുവെക്കുന്ന പുതിയ ആണവ കരാര്‍ എന്ന് ആഗ്രഹിക്കുന്നു. ഉഭയകക്ഷി ബന്ധവും ഏകോപനവും ശക്തമാക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലും യൂറോപ്യന്‍ യൂനിയനും അതിയായി ആഗ്രഹിക്കുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.