Sorry, you need to enable JavaScript to visit this website.

ബി.ജെ.പി പിന്തുണ; കുമ്പളയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി.എം അംഗം രാജിവച്ചു

കുമ്പള(കാസർക്കോട്)- ബി.ജെ.പി-സി.പി.എം ധാരണയെ തുടർന്ന് വിവാദമായ കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എം അംഗം കൊഗ്ഗു രാജിവച്ചു. പെർവാഡ് നിന്നുള്ള അംഗമാണ് കൊഗ്ഗു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കൊഗ്ഗു പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന കുമ്പള പഞ്ചായത്തിൽ രണ്ടു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിൽ ഒന്ന് ബി.ജെ.പിയും മറ്റൊന്ന് സി.പി.എമ്മും നേടിയിരുന്നു. സി.പി.എം സഖ്യത്തിലായതിന്റെ പേരിൽ ബി.ജെ.പിയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. 
അതേസമയം, കാസർകോട് ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നം തെരുവിലേക്ക് നീങ്ങിയതോടെ കർണ്ണാടക നേതാക്കൾ ഇടപെടുന്നു. ബി.ജെ.പി കാസർകോട് ജില്ലാകമ്മിറ്റി ഓഫീസ് ഒരുവിഭാഗം പ്രവർത്തകർ ഉപരോധിച്ചതും ഓഫീസ് താഴിട്ടുപൂട്ടിയതും പാർട്ടിയിൽ സ്ഥിതിഗതികൾ സങ്കീർണമാക്കി. ബി.ജെ.പി പ്രവർത്തകൻ അണങ്കൂരിലെ ജ്യോതിഷ് ആത്മഹത്യ ചെയ്ത സംഭവവും കുമ്പള ഗ്രാമപഞ്ചായത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടെന്ന ആരോപണവും അടക്കമുള്ള പ്രശ്നങ്ങളാണ് ബി.ജെ.പിയിൽ അസ്വസ്ഥത പടർത്തുന്നത്. ജോലിയില്ലാത്തതുമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ജ്യോതിഷിനെ അലട്ടിയിരുന്നുവെന്നും ഈ യുവാവിനെ പാർട്ടി സംരക്ഷിച്ചില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ജ്യോതിഷ് ജീവനൊടുക്കിയത്. പാർട്ടിക്കത്തെ പ്രശ്നങ്ങൾക്കിടെ പി. രമേശ് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സേഥാനം രാജിവെച്ചത് കഴിഞ്ഞ ദിവസമാണ്. ബി.ജെ.പിയിൽ പ്രതിസന്ധി രൂക്ഷമായതോടെ കർണാടകയിൽ നിന്നുള്ള നേതാക്കൾ പ്രശ്നം ചർച്ച ചെയ്യാനായി കാസർകോട്ടെത്തുമെന്ന് ഒരു നേതാവ് പറഞ്ഞു. ബി.ജെ.പി കാസർകോട് ജില്ലാകമ്മിറ്റി ഓഫീസ് പ്രവർത്തകർ താഴിച്ചുപൂട്ടിയ സംഭവത്തിലേക്കെത്തിക്കും വിധം പ്രശ്നം ഗുരുതരമായതമായതിനാൽ  സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രൻ ഇടപെടുമെന്ന് സൂചനയുണ്ടായെങ്കിലും സുരേന്ദ്രൻ  പ്രതിഷേധം ഭയന്ന് കാസർകോട്ടേക്കുള്ള യാത്ര മാറ്റിവെച്ചു. ബി.ജെ.പിയുടെ താഴെ തട്ടിൽ വരെ പ്രശ്നങ്ങൾ സങ്കീർണമാണ്. പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പേർ രാജിയുമായി രംഗത്തുവരാനിടയുണ്ട്. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയാണ് കാസർകോട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഏതാനും പഞ്ചായത്തുകൾ ബി.ജെ.പി ഭരിക്കുന്നു. വിവിധ ബാങ്ക് ഭരണസമിതികളിലും ഭരണം നടത്തുന്നു. കാസർകോട് നഗരസഭയിൽ പ്രതിപക്ഷസ്ഥാനവും അലങ്കരിക്കുന്നുണ്ട്. കാസർകോട്ടെ നിരവധി പഞ്ചായത്തുകളിലും ബി.ജെ.പി നിർണായകശക്തിയാണ്. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബി.ജെ.പി നേതൃത്വത്തിന് അത് വലിയ തിരിച്ചടിയാകും. 

Latest News