Sorry, you need to enable JavaScript to visit this website.

യുവദമ്പതികളെ കൊന്ന കേസിൽ വിശ്വനാഥന് വധശിക്ഷ

വയനാട് കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസ് പ്രതി വിശ്വനാഥനെ കൽപറ്റയിലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു കൊണ്ടുവരുന്നു. 

വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിക്കു തൂക്കുകയര്‍. കണ്ടത്തുവയല്‍ പുരിഞ്ഞിയില്‍  യുവദമ്പതികളായ വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിലെ പ്രതി തൊട്ടില്‍പ്പാലം മരുതോറയില്‍ കലണ്ടോട്ടുമ്മല്‍  വിശ്വനാഥനാണ്(49) ജില്ലാ പ്രിന്‍സിപ്പില്‍ സെഷന്‍സ് ജഡ്ജി വി.ഹാരിസ് വധ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി  12  ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
നാടിനെ നടുക്കിയ ഇരട്ടക്കൊലക്കേസില്‍ പ്രതി കുറ്റക്കാരനാണെന്നു കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇന്നുച്ചയ്ക്കു 1.50നാണ് വിധി പ്രസ്താവിച്ചത്. 
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം), 449(വലിയ കുറ്റകൃത്യത്തിനായുള്ള ഭവനഭേദനം), 294(കവര്‍ച്ച), 201(തെളിവു നശിപ്പിക്കല്‍)എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കൊലക്കുറ്റത്തില്‍ പ്രതിയെ  മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ച കോടതി 10 ലക്ഷം രൂപ പിഴ ഒടുക്കാനും ഉത്തരവായി. കവര്‍ച്ചയ്ക്ക് ഏഴു വര്‍ഷം കഠിനതടവും ഭവനഭേദനത്തിനു 10 ലക്ഷം രൂപ തടവും ഒരു ലക്ഷം രൂപ പിഴയും തെളിവുകള്‍ നശിപ്പിച്ചതിനു ഏഴു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫഉ് മാത്യുവാണ് ഹാജരായത്. കേസില്‍ 45 സാക്ഷികളെ വിസ്തരിച്ച കോടതി 33 തൊണ്ടിമുതലുകളും 112 രേഖകളും പരിശോധിക്കുകയുണ്ടായി. 


കേസ് അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. പിഴസംഖ്യയില്‍ അഞ്ചു ലക്ഷം രൂപ ഇരകളുടെ  കുടുംബ്ത്തിനു ലഭ്യമാക്കാന്‍ ഉത്തരവായ കോടതി പ്രതിയുടെ കുടുംബത്തിനു ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന നിയമസഹായം ലഭ്യമാക്കണമെന്നു നിര്‍ദേശിച്ചു. 
2018 ജൂലൈ ആറിനു രാവിലെയാണ് യുവദമ്പതികളായ ഉമറിനെയും ഫാത്തിമയെയും സ്വവസതിയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍  28 അംഗ സംഘമാണ് ഇരട്ടക്കൊലക്കേസ് അന്വേഷിച്ചത്. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടേതടക്കം വിരലടയാളം, കാല്‍പാടുകള്‍, രണ്ടു ലക്ഷത്തിലധികം ഫോണ്‍ കാളുകള്‍, നൂറുകണക്കിനു എസ്.എം.എസുകള്‍ എന്നിവ പരിശോധിച്ച പോലീസ് സംഭവം നടന്നു രണ്ടു മാസത്തിനുശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായവും കേരള പോലീസിന്റെ ക്രൈം സൈറ്റുകളില്‍നിന്നുള്ള വിവരവും അന്വേഷണത്തിനു ഉപയോഗപ്പെടുത്തുകയുണ്ടായി. മുന്‍ കുറ്റവാളികളെ നിരീക്ഷണവിധേയമാക്കി പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിനും അറസ്റ്റു ചെയ്യുന്നതിനും സഹായകമായത്. ശാസ്ത്രീയ തെളിവുകളാണ് കേസ് തെളിയുന്നതിനും കുറ്റവാളിക്കു പരമാവധി ശിക്ഷ ലഭിക്കുന്നതിനു സഹായകമായതെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിക്കു വധശിക്ഷ വിധിച്ചതിനെ വെള്ളമുണ്ട കണ്ടത്തുവയല്‍ നിവാസികള്‍ സ്വാഗതം ചെയ്തു. വിധിയിലുടെ കോടതി ശരിയായ സന്ദേശമാണ് നല്‍കിയതെന്നു അവര്‍ അഭിപ്രായപ്പെട്ടു.  അറസ്റ്റിലായതുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വിശ്വനാഥനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ഇന്നു രാവിലെ കല്‍പറ്റയിലെത്തിച്ചത്. 

Latest News