Sorry, you need to enable JavaScript to visit this website.

ലീഗിന് വേണ്ടി വീറോടെ ഇപ്പോഴും ഹരിത നേതാക്കള്‍, തിരിച്ചെടുക്കണമെന്ന് ആവശ്യം

കോഴിക്കോട്- ലീഗ് നേതൃത്വം പുറംതള്ളിയിട്ടും മുസ്‌ലിംലീഗിന് വേണ്ടി ചാനലുകളിലും മറ്റു പൊതുവേദികളിലും വീറോടെ വാദിക്കുന്ന മുന്‍ ഹരിത നേതാക്കളെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ്. പ്രസീത ആര്‍ രജനീഷ് എന്നയാളുടെ എഫ്. ബി ചുമരിലാണ് ഹരിത നേതാക്കളെ മുഖ്യധാരയിലേക്ക് സ്വീകരിക്കണമെന്ന നിര്‍ദേശം ഉള്ളത്.
ഈ പോസ്റ്റ് ലീഗ് വാട്‌സാപ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുകയും എഫ്.ബി.യിലും മറ്റുമായി ധാരാളം പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഡ്വ. നജ്മ തബ്ഷീറ, അഡ്വ. ഫാതിമ തഹ്‌ലിയ എന്നിവരുടെ ചിത്രങ്ങള്‍ വെച്ചാണ് എഫ്. ബി. പോസ്റ്റ്.
പ്രിയപ്പെട്ട ലീഗ് നേതൃത്വം  മുന്‍ ഹരിതയുടെ  നേതൃത്വത്തെ തിരിച്ചുകൊണ്ടുവരാന്‍  ശ്രമിച്ചാല്‍ അത്  സമുദായത്തിന് ഗുണപ്രദമാകും എന്ന് ഉറപ്പാണ് ഈഗോ  മാറ്റി വെച്ച്  പക്വതയുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ഈ പെണ്‍കുട്ടികളെ  ആക്ഷേപിച്ചവരെ  പുറംതള്ളി ഈ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കണം.
നജ്മ തബഷീറ അഡ്വക്കറ്റ് ആണ്. തിരൂര്‍ക്കാട് ബ്ലോക്ക് ഡിവിഷന്‍ മെമ്പറുമാണ്. ഹരിത വിവാദത്തിന് മുന്നേ ലീഗില്‍ പലര്‍ക്കും ഇവരെ അറിയില്ലായിരിക്കാം. പക്ഷെ ഒന്ന് പറയാം, ലീഗിന്റെ ഭാവിയാണ് ഈ ചെറുപ്പക്കാരി. അഭിലാഷ്, ആര്‍.എസ്.എസ്. നേതാവ് സുരേഷ്, ഹമീദ് ചേന്ദമംഗല്ലൂര്‍, റഹീം തുടങ്ങിയ വമ്പന്‍ പാനലിനോട് തനിച്ചിരുന്ന് ഇവിടെത്തെ വലിയ ഒരു വിഭാഗം സ്ത്രീ സമൂഹത്തിന്റെ ആശങ്കയും പ്രതിഷേധവും അവര് നേരിട്ട് കൊണ്ടിരിക്കുന്ന അപകടവും എത്ര ലളിതമായാണ് വിശദീകരിക്കുന്നത്. എതിര്‍ വാദങ്ങളുടെ മുന്നില്‍ ഒരിക്കല്‍പോലും പിന്നോട്ട് പോവേണ്ടി വരാതെ, അതിനെയെല്ലാം എത്ര കൂളായിട്ട് ഭരണഘടനയും ജനാധിപത്യവും അവകാശവും വ്യക്തിസ്വാതന്ത്ര്യവും ചരിത്രവും പറഞ്ഞു കൊണ്ട് ഖണ്ഡിക്കുന്നത്. അതിമനോഹരമായ കാഴ്ചയെന്നേ പറയാനൊക്കൂ. സി.എച്ച്. ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും തീര്‍ച്ച.
പൊതുസമൂഹത്തോട് ചേര്‍ന്ന് ഇതുപോലെയാണ് നമ്മുടെ രാഷ്ട്രീയം വേണ്ടതും. നജ്മയും തഹ്‌ലിയയും ഇല്ലായിരുന്നെങ്കില്‍ ഈ സ്‌പേസില്‍ ഒക്കെ സംസാരിക്കേണ്ടത് ലീഗിന്റെ ആണുങ്ങളോ അതുമല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പെണ്‍കുട്ടികളോ കയറിയേനെ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
കെ.സുധാകരന്റെ ഫോട്ടോ വെച്ചുള്ള ഈ എഫ്.ബി. ഐഡി വ്യാജമാണെന്ന തരത്തിലും പ്രതികരണം ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ ലീഗിന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും പ്രതികരിച്ചിരിക്കുന്നു.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ പരാതി ഉയര്‍ത്തിയ ഹരിത നേതാക്കളിലൊരാളാണ് നജ്മ തബ്ഷിറ. ഹരിത കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തപ്പോഴും പരിധിക്കപ്പുറം ലീഗ് നേതൃത്വത്തെ വിമര്‍ശിക്കാതിരുന്ന ഹരിതക്കാരെ അവഗണിക്കാന്‍ ഇപ്പോള്‍ ലീഗ് നേതൃത്വത്തിനാവുന്നില്ല. എം.എസ്.എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഫാതിമ തഹ്‌ലിയയയെ നീക്കിയപ്പോള്‍ സി.പി.എമ്മില്‍നിന്ന് വാഗ്ദാനം ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ഹിജാബ് വിവാദത്തില്‍ മുസ്‌ലിംലീഗിനും മുസ്‌ലിം സ്ത്രീകള്‍ക്കും വേണ്ടി ചാനലുകളില്‍ ലീഗിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത് തഹ്‌ലിയയും തബ്ഷീറയുമാണ്. ഇവരുടെ വാദമുഖങ്ങളുടെ വീഡിയോ തുണ്ടുകള്‍ ലീഗിന്റെ വാട്‌സാപ് ഗ്രൂപ്പുകളില്‍ നന്നായി പ്രചരിക്കുന്നുണ്ട്.

 

 

Latest News