തിരുവനന്തപുരം-ഗവർണറും സർക്കാറും തമ്മിൽ സംഘർഷമുണ്ടാകണമെന്ന് പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എപ്പോഴും പ്രശ്നമുണ്ടാക്കുന്ന അന്തരീക്ഷമുണ്ടാക്കാനാല്ല സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഗവർണറും നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ച തന്നെയാണ്. ഗവർണർക്ക് സർക്കാർ വഴങ്ങിയിട്ടില്ല. സർക്കാർ വഴങ്ങി എന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് കാലങ്ങളായുള്ള രീതിയാണ്. മാറിമാറി വരുന്ന സർക്കാറുകൾ അത് നൽകുന്നുണ്ട്. രണ്ടു വർഷം കഴിഞ്ഞാൽ സ്റ്റാഫിനെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു എന്ന ആരോപണം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
ഗവർണർക്ക് ഭരണപരമായ അവകാശങ്ങളുണ്ട്. അതിന് അപ്പുറത്തേക്കുള്ള കാര്യങ്ങൾ ഗവർണർ പറഞ്ഞാൽ അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.