തിരുവനന്തപുരം- ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ടു പോകും. പദ്ധതി തുടങ്ങാന്‍ തടസ്സമാകുന്നതു സാമ്പത്തികമാണെന്നും എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇ. ശ്രീധരന്‍ ഉദ്ദേശിക്കുന്ന അതേ വേഗത്തില്‍ സര്‍ക്കാരിനു നീങ്ങാന്‍ കഴിയുന്നില്ല. കേന്ദ്രാനുമതി കിട്ടിയതിനുശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണു സര്‍ക്കാരിന്റെ നിലപാട്. തിരക്കുണ്ടായിരുന്നതിനാലാണു ശ്രീധരന്‍ ആവശ്യപ്പെട്ടപ്പോള്‍ കാണാന്‍ കഴിയാതിരുന്നതെന്നും പിണറായി പറഞ്ഞു.
അതേസമയം, ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടിരിക്കയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനു വേണ്ടി ഇടതു സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.