കോട്ടക്കല്‍- പുത്തനത്താണിയില്‍ ഏഴു വയസ്സുകാരന്‍ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പരിശോധനാഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ.
മലിനജലത്തിലൂടേയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പടരുന്നത്. ഗുരുതരാവസ്ഥയിലെത്തിയാല്‍ കുട്ടികളുടെ മരണത്തിനുവരെ കാരണമാകാം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, രക്തം കലര്‍ന്ന മലം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ ചികിത്സ വൈകിപ്പിക്കരുത്.