ഇടുക്കി- പൊന്മുടിയിൽ കെ.എസ്.ഇ.ബി അനധികൃതമായി പാട്ടത്തിന് നൽകിയ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം പരിശോധനക്കെത്തിയ സർവെ സംഘത്തെ തടഞ്ഞു. മുൻ മന്ത്രി എം.എം. മണിയുടെ മരുമകനും രാജാക്കാട് സഹ. ബാങ്ക് പ്രസിഡന്റുമായ വി.എ. കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് സർവെ സംഘത്തെ തടഞ്ഞത്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബാങ്ക് അധികൃതർ ഉദ്യോഗസ്ഥരെ തടഞ്ഞ് മടക്കിയയച്ചത്. പൊന്മുടി ഡാമിനോട് ചേർന്നുള്ള 76 ഏക്കറിൽ 21 ഏക്കർ ഭൂമിയാണ് ഹൈഡൽ ടൂറിസത്തിനായി രാജാക്കാട് സഹകരണ ബാങ്കിന് എം.എം. മണി മന്ത്രിയായിരിക്കെ പാട്ടത്തിന് നൽകിയത്.ഹെഡ് സർവയർ പി.എസ്. ജയചന്ദ്രൻ നായർ, സർവയർമാരായ സുരേഷ്, അജിത്ത്, രാജാക്കാട് വില്ലേജ് ഓഫീസർ കെ.ബി. സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധനക്കെത്തിയത്.
ഈ സ്ഥലം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്നും മറ്റ് ഭൂമിയില്ലെന്നും കാട്ടി ഉടുമ്പൻചോല തഹസിൽദാർ 2019ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ തുടർപരിശോധന നടത്തണമെന്ന് കാട്ടി അന്നത്തെ ജില്ലാ കലക്ടർ എച്ച്. ദിനേശൻ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും ഇത് പൂഴ്ത്തുകയായിരുന്നു. പിന്നീട് കെഎസ്ഇബി ചെയർമാന്റെ വെളിപ്പെടുത്തലോടെ വിഷയം വീണ്ടും സജീവമാകുകയായിരുന്നു. ഈ ഭൂമി തങ്ങളുടെ കൈവശമാണെന്ന് തെളിയിക്കാൻ കെ.എസ്.ഇ.ബിയുടെ പക്കൽ രേഖകളില്ല. ഇതിന്റെ യഥാർത്ഥ സ്‌കെച്ചും പ്ലാനും ഇതുവരെ കണ്ടെത്താനുമായിട്ടില്ല. കെ.എസ്. ഇ.ബി ഡാം സേഫ്റ്റി അധികൃതരെ നിയമ പ്രകാരം അറിയിച്ച ശേഷം പരിശോധനയുമായി മുന്നോട്ട് പോകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ പറഞ്ഞു.