Sorry, you need to enable JavaScript to visit this website.

വരാപ്പുഴ പീഡനക്കേസ്: പ്രതിയെ മഹാരാഷ്ട്രയിൽ അടിച്ചു കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി

വനിതാ ഗുണ്ട ശോഭ ജോൺ ഉൾപ്പെട്ട സംഭവം

കണ്ണൂർ- എറണാകുളം വരാപ്പുഴ പീഡനക്കേസിലെ പ്രതിയായിരുന്ന കണ്ണൂർ സ്വദേശിയെ മഹാരാഷ്ട്രയിൽ അടിച്ചു കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി. ചെറുപുഴ സ്വദേശി വിനോദ് കുമാറിന്റെ (42) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
മഹാരാഷ്ട്ര റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. സംഭവത്തിൽ രണ്ടു പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
മഹാരാഷ്ട്രയിലെ റായ്ഗഡിൽ ഒരു റിസോർട്ടിൽ മസാജ് ജോലി ചെയ്തുവരികയായിരുന്നു. കാശിദ് എന്ന ആദിവാസി ഗ്രാമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. മദ്യപാനത്തിനിടയിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. കണ്ണൂരിലെ ചെറുപുഴ ചുണ്ട സ്വദേശിയായ വിനോദ് കുമാർ കുറച്ചു കാലമായി പെരിങ്ങോം പാടിയോട്ടുചാലിലാണ് താമസം.

2011 ജൂണിലാണ് വരാപ്പുഴ പീഡനക്കേസ് ഉയർന്നുവന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിനോദ് കുമാറിന്റെ ഭാര്യ പുഷ്പവതിയുടെ സഹോദരിയാണ് പീഡനത്തിനിരയായത്. കാസർകോട് മധൂർ സ്വദേശിനിയായ ഈ കുട്ടി, പുഷ്പാവതിക്കൊപ്പമായിരുന്നു താമസം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പലയിടത്തും കൊണ്ടുപോയി പലർക്കും കാഴ്ചവെച്ചുവെന്നാണ് കേസ്. എറണാകുളം വരാപ്പുഴയിൽ ശോഭ ജോൺ വാടകയ്‌ക്കെടുത്ത വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. പെൺവാണിഭവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ, ശോഭാ ജോണിന് 18 വർഷം കഠിന തടവും, 1,10,000 രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു പ്രതി കേണൽ ജയരാജൻ നായർക്ക് 11 വർഷം തടവും ലഭിച്ചു. ഒരു പ്രതി ജിൻസ്, വിചാരണ കാലയളവിൽ മരിക്കുകയും ചെയ്തു.
ഈ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയ വിനോദ് കുമാർ മുങ്ങുകയായിരുന്നു. തുടർന്ന്് മഹാരാഷ്ട്ര റായ്ഗഡിലെ റിസോർട്ടിൽ ഒളിവിൽ ജോലി ചെയ്തു വരികയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലക്ക് വഴിവെച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൊല്ലപ്പെട്ടത് വിനോദ് ആണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് മഹാരാഷ്ട്ര പോലീസ്, കേരള പോലീസുമായി ബന്ധപ്പെട്ടു. വിനോദിന്റെ മൃതദേഹം ബന്ധുക്കളുടെ അനുമതിയോടെ റായ്ഗഡിൽ സംസ്‌കരിച്ചു.

Latest News