Sorry, you need to enable JavaScript to visit this website.

ലൈറ്റ് മെട്രോ പദ്ധതിയിൽനിന്നും ഡി.എം.ആർ.സി പിന്മാറി; സർക്കാരിനെ കടന്നാക്രമിച്ച് ഇ. ശ്രീധരൻ 

കൊച്ചി- സംസ്ഥാന സർക്കാരിന്റെ നിരന്തര നിസ്സഹകരണത്തെത്തുടർന്ന് കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിൽനിന്നും ഡി.എം.ആർ.സി പിന്മാറുകയാണെന്ന് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഡി.എം.ആർ.സിയെ ഏൽപിക്കുന്നുവെന്ന് വ്യക്തമാക്കി ഉത്തരവ് പുറത്തിറക്കി 15 മാസം പിന്നിട്ടിട്ടും കരാർ ഒപ്പുവെയ്ക്കാൻ സർക്കാർ തയാറാകാത്തതിനാലാണ് പിന്മാറ്റമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കാണാൻ അനുവാദം ചോദിച്ച് കത്ത് നൽകി മൂന്നു മാസം പിന്നിട്ടിട്ടും അദ്ദേഹം തന്നെ കാണാൻ കൂട്ടാക്കിയില്ലെന്നും ഇത് വേദനയുണ്ടാക്കിയെന്നും ശ്രീധരൻ പറഞ്ഞു.
സർക്കാർ ഉത്തരവിറക്കിയെന്നല്ലാതെ കഴിഞ്ഞ 15 മാസമായിട്ടും ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിധ ജോലികളും നടന്നിട്ടില്ല. പദ്ധതിക്കു വേണ്ടി തിരുവനന്തപുരത്തും കോഴിക്കോട്ടും ഡി.എം.ആർ.സി ഓഫീസുകൾ ആരംഭിച്ചിരുന്നു. മാസം 16 ലക്ഷം രൂപയാണ് ഈയിനത്തിൽ ഡി.എം.ആർ.സിക്ക് ചെലവായത്. ഇത് വൻ നഷ്ടമാണെന്നും ഇനിയും നഷ്ടം സഹിച്ച് സർക്കാരിനെ നോക്കിയിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ നിന്നും പിന്മാറുന്നതിന്റെ ഭാഗമായി ഈ രണ്ടു ഓഫീസുകളിലെയും ജീവനക്കാരെ മറ്റു ഓഫീസുകളിലേക്ക് മാറ്റിത്തുടങ്ങി. ഈ മാസം 15 ഓടെ രണ്ട് ഓഫീസുകളുടെയും പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്നും ഇനി സർക്കാർ ആവശ്യപ്പെട്ടാലും ഡി.എം.ആർ.സി പദ്ധതി ഏറ്റെടുക്കില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. 
2014 ലാണ് ലൈറ്റ് മെട്രോ ആശയം മുന്നോട്ടു വെച്ചത്. പദ്ധതി ഡി.എം.ആർ.സി ഏറ്റെടുക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിട്ടു. 2014 ഒക്ടോബറിൽ  നിർമാണവുമായി ബന്ധപ്പെട്ട പദ്ധതി ഡി.എം.ആർ.സി സർക്കാരിനു സമർപ്പിച്ചു. 2015 മേയിൽ കേന്ദ്ര സർക്കാരുമായി ചേർന്ന് സംയുക്ത പദ്ധതിയായി ലൈറ്റ് മെട്രോ നടപ്പാക്കാനും ഡി.എം.ആർ.സിയെ കൺസൾട്ടന്റായി നിയമിക്കാനും തീരുമാനമായി. തുടർന്ന് 2015 ജൂണിൽ കേരള റെയിൽ ട്രാൻസ്‌പോർട്ട് ലിമിറ്റഡ് (കെ.ആർ.ടി.എൽ) കമ്പനി രൂപീകരിച്ചു. 2015 സെപ്റ്റംബറിൽ ഉത്തരവിലൂടെ സർക്കാർ പദ്ധതി രേഖ അംഗീകരിച്ചു. തുടർന്ന് കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ അംഗീകാരത്തിന് രണ്ട് വർഷത്തോളം വേണ്ടിവരുമെന്നതിനാൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിടാമെന്ന് സംസ്ഥാന സർക്കാരിനെ ഡി.എം.ആർ.സി അറിയിച്ചു. 
കൊച്ചി മെട്രോയടക്കമുള്ള പദ്ധതികളും ഇത്തരത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇതനുസരിച്ച് 2016 ജനുവരിയിൽ ഡി.എം.ആർ.സിയുമായി താൽക്കാലിക കൺസൾട്ടൻസി കരാറിൽ ഒപ്പുവെച്ചു. ഇതിനു ശേഷമാണ് യു.ഡി.എഫ് സർക്കാർ മാറി എൽ.ഡി.എഫ് അധികാരത്തിലെത്തുന്നത്. 2016 ജൂൺ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗത്തിൽ മുൻ സർക്കാരിന്റെ കാലത്ത് തീരുമാനിച്ചത് പോലെ തന്നെ നടപടികൾ പുരോഗമിക്കട്ടെയെന്ന് പറഞ്ഞ് ഡി.എം.ആർ.സിയെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കൺസൾട്ടന്റായി നിയമിക്കുകയും ചെയ്തു. 2016 ഡിസംബറിൽ തിരുവനന്തപുരത്തെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് വേണ്ടി കരട് രേഖ കെ.ആർ.ടി.എല്ലിൽ സമർപ്പിച്ചെങ്കിലും ഇതുവരെ അംഗീകരിച്ച് ഉത്തരവ് ഒപ്പിട്ട് നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പല തവണ കണ്ടെങ്കിലും ഫലമുണ്ടായില്ല. 2017 ഡിസംബർ ആറിന് മുഖ്യമന്ത്രിയെ വീണ്ടും കണ്ട് പദ്ധതിയുടെ യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തി. എന്നിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ഡിസംബർ 18 ന് കെ.ആർ.ടി.എൽ ബോർഡ് യോഗത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഡി.എം.ആർ.സി എന്തിനെന്ന ചർച്ച നടന്നതായറിഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെ കാണാൻ അനുമതി ചോദിച്ച് 2018 ജനുവരി 13 ന് സമീപിച്ചുവെങ്കിലും അനുമതി കിട്ടിയില്ല. പദ്ധതിയിൽനിന്നും പിന്മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 18 ന് ഡി.എം.ആർ.സി കത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് ഫെബ്രുവരി 16 ന് പദ്ധതിയിൽ നിന്നും പിന്മാറാൻ അന്തിമ തീരുമാനമെടുത്തതെന്നും ശ്രീധരൻ പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ ഇന്ത്യയിൽ ഡി.എം.ആർ.സിക്കല്ലാതെ മറ്റൊരു ഏജൻസിക്കും കഴിയില്ല. ഇതിനായി ഒട്ടേറെ സാങ്കേതിക വിദ്യ ഡി.എം.ആർ.സി ആർജിച്ചിരുന്നു. ഡി.എം.ആർ.സിയോടുള്ള അതൃപ്തി മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ ഇടയിലുണ്ട്. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് ആഗോള ടെണ്ടർ വിളിക്കണമെങ്കിൽ പോലും ഒരു കൺസൾട്ടൻസി ആവശ്യമാണ്. പദ്ധതി നീണ്ടുപോകുന്തോറും ചെലവ് വർധിക്കും. ഇതുവരെ തങ്ങൾക്കുണ്ടായ നഷ്ടം സർക്കാരിനോട് ചോദിക്കില്ലെന്നും അങ്ങനെയൊരു രീതി തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
അതിനിടെ, കരാർ കാലാവധി കഴിഞ്ഞതുകൊണ്ടാണ് പദ്ധതിയിൽനിന്ന് ഡി.എം.ആർ.സി പിന്മാറിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തേ പദ്ധതി നടപ്പാക്കാനാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest News