പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകുമെന്ന് പിതാവ്
കൊല്ലം - മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനിയായിരുന്ന ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തോടെ കേസ് അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു. വീട്ടിൽനിന്നു മാറി നിൽക്കേണ്ടി വന്നതിലുള്ള വിഷമവും മാനസിക പ്രശ്നങ്ങളുമാണു കൊല്ലം കരിക്കോട് സ്വദേശിനി ഫാത്തിമ ലത്തീഫ് മദ്രാസ് ഐ.ഐ.ടിയിൽ ജീവനൊടുക്കാൻ കാരണമെന്ന നിഗമനത്തോടെയാണ് കേസിന്റെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചത്. മരണത്തിൽ ദുരൂഹതയോ ബാഹ്യപ്രേരണയോ ഇല്ലെന്നും പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലുണ്ട്.
2019ൽ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷനൽ പോലീസ് കമ്മിഷണർ സി.ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളാണു സി.ബി.ഐയുടെ റിപ്പോർട്ടിലുമുള്ളത്. റിപ്പോർട്ട് അംഗീകരിക്കരുതെന്നും മറ്റൊരു സംഘത്തെ നിയോഗിച്ചു പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകുമെന്ന് ഫാത്തിമയുടെ പിതാവ് എ. ലത്തീഫും അഭിഭാഷകൻ പി.എ.മുഹമ്മദ് ഷായും പറഞ്ഞു. കേസ് 28നു വീണ്ടും പരിഗണിക്കും. എം.എ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ 2019 നവംബർ 9ന് ഐ.ഐ.ടി ഹോസ്റ്റലിലെ 349ാം മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാൻ പ്രേരിപ്പിച്ചെന്ന് ആരോപണം ഉയർന്ന 3 പ്രഫസർമാർക്കെതിരെ തെളിവില്ലെന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.