Sorry, you need to enable JavaScript to visit this website.

ദേശീയപാത വികസനം; കണ്ണൂരിൽ പ്രവർത്തനം അതിവേഗം

മുഴപ്പിലങ്ങാട് ബൈപാസ് റോഡ് നിർമ്മാണം.

കണ്ണൂർ - ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവയുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. പാത പൂർത്തിയാവുന്നതോടെ ദേശീയപാതയുടെ മുഖച്ഛായ മാറും.
കണ്ണൂർ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരിൽനിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് കടന്നുപോവുന്നത്. ജില്ലയിൽ നാല് ബൈപാസുകൾ, ഏഴ് വലിയ പാലങ്ങൾ, ഏഴ് ഫ്‌ളൈ ഓവറുകൾ, 10 വയഡക്ടുകൾ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്. പയ്യന്നൂർ (3.82 കി.മീ), തളിപ്പറമ്പ് (5.66 കി.മീ), കണ്ണൂർ (13.84 കി.മീ), തലശ്ശേരി-മാഹി (18.6 കി.മീ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി രണ്ട് റീച്ചുകളിൽ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിക്കൽ, കെട്ടിടങ്ങൾ പൊളിക്കൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ ഏതാണ്ട് പൂർത്തിയായി. പുതിയ പാലങ്ങൾക്കായുള്ള പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചു.
നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ 3.82 കി. മീ നീളമുള്ള പയ്യന്നൂർ ബൈപാസ് വെള്ളൂർ പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കുന്നത്. ഇതിന്റെ സ്ട്രക്ച്ചർ പൂർത്തിയായി. പെരുമ്പ പുഴയിൽ പഴയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിങ് പൂർത്തിയായി. ഈ റീച്ചിലെ 14 ചെറിയ പാലങ്ങളിൽ എട്ടെണ്ണം പുതിയതും രണ്ടെണ്ണം അറ്റകുറ്റപ്പണി ചെയ്യുന്നതും നാലെണ്ണം പുനർനിർമ്മാണവുമാണ്.
 5.66 കി. മീ നീളമുള്ള തളിപ്പറമ്പ് ബൈപാസ് കുപ്പത്ത് തുടങ്ങി കണിക്കുന്ന് കയറിയിറങ്ങി കീഴാറ്റൂർ വഴി കുറ്റിക്കോലിൽ എത്തിച്ചേരും. കുറ്റിക്കോലിൽ ചെറിയ പാലം വരും. കുപ്പത്ത് പുതിയ പാലത്തിനായി പൈലിംഗ് തുടങ്ങി. കുപ്പത്ത് നിലവിലെ പാലത്തിന് സമാന്തരമായി കടവിന് സമീപമാണ് പുതിയ പാലം പണിയുന്നത്. തളിപ്പറമ്പ് റീച്ചിൽ പിലാത്തറ കെ.എസ്.ടി.പി ജങ്ഷൻ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഫ്ളൈ ഓവർ നിർമ്മിക്കും. തളിപ്പറമ്പ് ബൈപാസിലുൾപ്പെടെ അഞ്ച് വയഡക്ടുകൾ ഈ റീച്ചിൽ വരും.
തളിപ്പറമ്പിലാവും ഈ റീച്ചിലെ  പ്രധാനപ്പെട്ട ജങ്ഷൻ.  22 ചെറിയ ഇൻറർസെക്ഷനുകൾ വരും. 94 ബോക്സ് കൾവർട്ടുകൾ, 37 ബസ് ഷെൽട്ടറുകൾ, രണ്ട് ട്രക്ക് ലേ-ബൈസ് എന്നിവയും ഉണ്ടാവും. 54.25 കിലോ മീറ്ററിൽ സർവീസ് റോഡ് നിർമ്മിക്കും.
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ പാപ്പിനിശ്ശേരി തുരുത്തിയിൽനിന്ന് തുടങ്ങി കോട്ടക്കുന്ന്, പുഴാതി വയൽ, മുണ്ടയാട്, എടക്കാട് വഴി മുഴപ്പിലങ്ങാട് എത്തുന്നതാണ് 13.84 കി.മീ നീളത്തിലുള്ള കണ്ണൂർ ബൈപാസ്. പാപ്പിനിശ്ശേരി തുരുത്തിയിൽനിന്ന് ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്നിലെത്തുന്നതാവും വളപട്ടണം പുഴയിലെ പുതിയ പാലം. ഇതിനായി തുരുത്തിയിൽ പൈലിംഗ് പ്രവൃത്തി ആരംഭിച്ചു. വളപട്ടണം പുഴക്ക് കുറുകെ പാലം നിർമിക്കുന്ന സ്ഥലത്തേക്ക് പാപ്പിനിശ്ശേരി തുരുത്തിയിൽനിന്ന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നുണ്ട്.
ഈ റീച്ചിൽ ചെറിയ പാലങ്ങൾ മൂന്നെണ്ണവും കൾവർട്ടുകൾ 91 എണ്ണവും ഉണ്ടാവും. ഒരു പ്രധാന ജങ്ഷനും ഏഴ് ചെറിയ ജങ്ഷനുകളുമുണ്ടാവും. ആറ് ബസ് ഷെൽട്ടറുകൾ പണിയും. 38.456 കി.മീ നീളത്തിൽ സർവീസ് റോഡ് നിർമ്മിക്കും.
അഞ്ച് ഫ്‌ളൈ ഓവറുകൾ അഞ്ച് വയഡക്ടുകൾ എന്നിവ നിർമ്മിക്കും. അരിപ്പത്തോട് റോഡ്, ബക്കളം-കടമ്പേരി റോഡിൽ ബക്കളം, പറശ്ശിനിക്കടവ്-മയ്യിൽ റോഡിന് സമീപം ധർമ്മശാല, മട്ടന്നൂർ-കണ്ണൂർ റോഡ്, താഴെ ചൊവ്വ-മട്ടന്നൂർ റോഡ്, എളയാവൂരിൽ കണ്ണൂർ ബൈപാസിന്റെ അവസാന പോയിൻറ് എന്നിവിടങ്ങളിലാണ് ഫ്‌ളൈ ഓവറുകൾ വരുന്നത്. കണ്ണൂർ ബൈപാസിൽ അഞ്ച് വയഡക്ടുകളും നിലവിൽ വരും. ദേശീയപാത-66 പരിപൂർണമായും ആറ് വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകും.
 

Latest News