കൽപറ്റ-വയനാട്ടിലെ വെള്ളമുണ്ട കണ്ടത്തുവയൽ പുരിഞ്ഞിയിൽ വാഴയിൽ ഉമർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി തൊട്ടിൽപ്പാലം മരുതോറയിൽ കലണ്ടോട്ടുമ്മൽ വിശ്വനാഥൻ(49) കുറ്റക്കാരനാണെന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഹാരിസ് കണ്ടെത്തി. ശിക്ഷ 21നു വിധിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302(കൊലപാതകം), 449(വലിയ കുറ്റകൃത്യത്തിനായുള്ള ഭവനഭേദനം), 294(കവർച്ച), 201(തെളിവു നശിപ്പിക്കൽ)എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷൻ വാദം പൂർണമായും കോടതി ശരിവെച്ചു. കേസിൽ 25 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 33 തൊണ്ടിമുതലുകളും 112 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
2018 ജൂലൈ ആറിനു രാവിലെയാണ് യുവദമ്പതികളായ ഉമറിനെയും ഫാത്തിമയെയും സ്വവസതിയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിൽ 28 അംഗ സംഘമാണ് ഇരട്ടക്കൊലക്കേസ് അന്വേഷിച്ചത്. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടേതടക്കം വിരലടയാളം, കാൽപാടുകൾ, രണ്ടു ലക്ഷത്തിലധികം ഫോൺ കാളുകൾ, നൂറുകണക്കിനു എസ്.എം.എസുകൾ എന്നിവ പരിശോധിച്ച പോലീസ് സംഭവം നടന്നു രണ്ടു മാസത്തിനുശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സൈബർ സെല്ലിന്റെ സഹായവും കേരള പോലീസിന്റെ ക്രൈം സൈറ്റുകളിൽനിന്നുള്ള വിവരവും അന്വേഷണത്തിനു ഉപയോഗപ്പെടുത്തുകയുണ്ടായി.
മുൻ കുറ്റവാളികളെ നിരീക്ഷണവിധേയമാക്കി പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിനും അറസ്റ്റു ചെയ്യുന്നതിനും സഹായകമായത്. മോഷണം തൊഴിലാക്കിയ വിശ്വനാഥൻ സ്ത്രീ പീഡനം, വിശ്വാസവഞ്ചന കേസുകളിലും പ്രതിയാണ്. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ചൊക്ലി, കുറ്റ്യാടി, തൊട്ടിൽപ്പാലം സ്റ്റേഷനുകളിലാണ് വിശ്വനാഥൻ നേരത്തേ ഉൾപ്പെട്ട കേസുകൾ. കൊലപാതകങ്ങൾ കവർച്ചാശ്രമത്തിനിടെയാണെന്നു ഉറപ്പിച്ചതിനുശേഷമാണ് സ്ഥിരം മോഷ്ടാക്കളിലേക്കു അന്വേഷണം വ്യാപിപ്പിച്ചത്.
കണ്ടത്തുവയലിൽ യുവദമ്പതികൾ കൊല്ലപ്പെട്ടതിനു പിന്നാലെ വിശ്വനാഥൻ ചില സാമ്പത്തിക ബാധ്യതകൾ തീർത്തതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
ജൂലൈ അഞ്ചിനു രാത്രി വൈകി പുരിഞ്ഞിയിൽ ബസിറങ്ങിയ വിശ്വനാഥൻ തുറന്നുകിടന്ന അടുക്കള വാതിലും പ്രകാശിക്കുന്ന ലൈറ്റുകളും കണ്ടാണ് യുവദമ്പതികളുടെ വീട്ടിലെത്തിയത്. അടുക്കള വാതിലിലൂടെ വിശ്വനാഥൻ വീടിനകത്ത് പ്രവേശിച്ചപ്പോൾ ദമ്പതികൾ ഉറക്കത്തിലായിരുന്നു. ഫാത്തിമയുടെ മാല പൊട്ടിക്കുന്നതിനിടെ ഉണർന്ന ഉമറിനെ വിശ്വനാഥൻ കമ്പിവടിക്ക് തലയിലും മുഖത്തും അടിച്ചുവീഴ്ത്തി. ഉമറിന്റെ കരച്ചിൽകേട്ടുണർന്ന ഫാത്തിമയെയും ഇതേരീതിയിൽ നേരിട്ടു. ഇരുവരുടെയും മരണം ഉറപ്പുവരുത്തിയശേഷം ഫാത്തിമയുടെ ദേഹത്തെ ആഭരണങ്ങൾ അഴിച്ചെടുത്താണ് വിശ്വനാഥൻ സ്ഥലംവിട്ടത്. തെളിവുനശിപ്പിക്കുന്നതിനായി മുറിയിലും പരിസരത്തും മുളകുപൊടിയും വിതറി. വീട്ടിൽനിന്നു 10 പവന്റെ ആഭരണങ്ങളാണ് പ്രതി കവർന്നത്. ഇതു കുറ്റ്യാടിയിലെ സ്വർണപ്പണിക്കാരിൽനിന്നാണ് പോലീസ് കണ്ടെടുത്ത്. ദമ്പതികളെ വധിക്കാൻ ഉപയോഗിച്ച ഇരുമ്പുവടി പുരിഞ്ഞിയിലെ കമുകിൻതോപ്പിലുള്ള ചാലിൽനിന്നാണ് പോലീസിനു ലഭിച്ചത്.