തിരുവനന്തപുരം- സ്വപ്ന സുരേഷിന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ ജോലി നല്‍കിയതില്‍ ഒരു പുനര്‍വിചിന്തനവുമില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. ഡോ. എസ് കൃഷ്ണകുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ കൃഷ്ണകുമാറിനെ പുറത്താക്കിയതാണ്. എച്ച്.ആര്‍.ഡിഎസിന് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ച് വര്‍ഷം മുന്‍പാണ് എസ്. കൃഷ്ണകുമാറിനെ പ്രസിഡന്റായി നിയമിച്ചത്. അദ്ദേഹത്തിന് 87 വയസ്സുണ്ട്. പ്രായാധിക്യവും ഓര്‍മക്കുറവും ആരോഗ്യപ്രശ്നങ്ങളും കൂടെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നപ്പോള്‍ 2021 ഓഗസ്റ്റ്് 30ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്താണ് സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയത്. സ്ഥാപനം ഒരു അംഗീകൃത എന്‍.ജി.ഒ ആണ്. നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും സ്ഥാപനത്തിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ ചായ്വുകളൊന്നുമില്ല. ഇപ്പോള്‍ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയ ആളാണ് കുറ്റം പറയുന്നത്.
ബയോഡാറ്റ പരിശോധിച്ചപ്പോള്‍ കഴിവുള്ള ആളാണ് സ്വപ്ന സുരേഷ് എന്ന് മനസ്സിലായി. അവര്‍ക്ക് അഞ്ച് ഭാഷ അനായാസേനെ കൈകാര്യം ചെയ്യാന്‍ കഴിയും. കോണ്‍സുലേറ്റിലും സര്‍ക്കാരിന്റെ ഐ.ടി വകുപ്പിലുമടക്കം ജോലി ചെയ്ത പരിചയം സ്വപ്നയ്ക്കുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജോലിനല്‍കിയ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്)ക്കെതിരേ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.