Sorry, you need to enable JavaScript to visit this website.

നാഷണൽ അഡ്രസ്: രജിസ്റ്റർ ചെയ്യാത്തവർക്ക് ബാങ്കിംഗ് സേവനങ്ങൾ വിലക്കില്ല

റിയാദ് - സൗദി പോസ്റ്റിന്റെ നാഷണൽ അഡ്രസ് സേവനത്തിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് ബാങ്കിംഗ് സേവനങ്ങൾ നിർത്തിവെക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബോധവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറൽ ത്വൽഅത് ഹാഫിസ് പറഞ്ഞു. 
എന്നാൽ മുടക്കം കൂടാതെ ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതിനും അധിക ബാങ്കിംഗ് സേവനങ്ങളും ഉൽപന്നങ്ങളും ലഭിക്കുന്നതിനും മുഴുവൻ ഉപയോക്താക്കളും നാഷണൽ അഡ്രസ് ചേർത്ത് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
നാഷണൽ അഡ്രസ് ചേർത്ത് വിവരങ്ങൾ പുതുക്കാത്തവർക്കുള്ള ബാങ്കിംഗ് സേവനങ്ങൾ നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒരു ബാങ്ക് കഴിഞ്ഞ ദിവസം ഉപയോക്താക്കൾക്ക് എസ്.എം.എസ് സന്ദേശങ്ങൾ അയച്ചിരുന്നു. ഏപ്രിൽ പത്തിനു മുമ്പായി വിലാസം പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിംഗ് സേവനങ്ങൾ നിർത്തിവെക്കുന്ന സാഹചര്യം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. 
നാലു വർഷം മുമ്പ് മന്ത്രിസഭ കൈക്കൊണ്ട തീരുമാന പ്രകാരം വ്യക്തികളും സ്ഥാപനങ്ങളും നാഷണൽ അഡ്രസിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 
ഓൺലൈൻ വഴി അഡ്രസ് രജിസ്റ്റർ ചെയ്യുന്നതിന് സൗദി പോസ്റ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

Latest News