തിരുവനന്തപുരം- കെ റെയിലിനെതിരെ പ്രക്ഷോഭ പരിപാടികളും ബോധവല്‍ക്കരണവും ശക്തമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്നങ്ങള്‍ വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പ്രത്യാഘാതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍. ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം കലക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ചുകള്‍ നടത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി.
കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാഘട്ടത്തിന്റെ തുടക്കമാകും മാര്‍ച്ച് ഏഴിന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങി ചെന്ന് ലഘുലേഖ വിതരണവും മറ്റു സമരപരിപാടികളും നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.