പാലക്കാട്- അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഈ മാസം 26ലേക്ക് മാറ്റി. എല്ലാ ആഴ്ചയും കേസിന്റെ പുരോഗതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കേണ്ടതിനാലാണ് കേസ് മാറ്റിയത് എന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന്‍ അറിയിച്ചു. ശുഭപ്രതീക്ഷയാണുള്ളതെന്നും കേസിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സമയം ചോദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കേസ് ജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പുതുതായി കേസിന്റെ ചുമതലയേറ്റെടുത്ത പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പുതിയ പ്രോസിക്യൂട്ടറില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തല്‍ക്കാലം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉപേക്ഷിക്കുകയാണെന്ന് അവര്‍ അറിയിച്ചു.