Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലെവി ഇളവ് മൂന്നു വർഷം മാത്രം

റിയാദ് - ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് വ്യവസ്ഥകൾക്ക് വിധേയമായി മൂന്നു വർഷമാണ് ലഭിക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനം ഹിജ്‌റ 1441 ശഅ്ബാൻ 14 ന് ആണ് പ്രഖ്യാപിച്ചത്. ഇതു മുതൽ മൂന്നു വർഷത്തേക്കാണ് ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 
ഉടമ അടക്കം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരമാവധി നാലു വിദേശ തൊഴിലാളികൾക്കാണ് ലെവി ഇളവ് നൽകുന്നത്. ഇതിന് സ്ഥാപന നടത്തിപ്പ് ചുമതല ഫുൾടൈം അടിസ്ഥാനത്തിൽ ഉടമ വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനെന്നോണം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ ചെറുകിട സ്ഥാപന ഉടമയെ രജിസ്റ്റർ ചെയ്യാനും പാടില്ല. 
ഉടമക്കു പുറമെ ഒരു സൗദി പൗരനെ കൂടി ജോലിക്കു വെച്ചാലാണ് സ്ഥാപനങ്ങളിലെ നാലു വിദേശി തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുക. ഉടമക്കു പുറമെ സൗദി ജീവനക്കാരനെ ജോലിക്കു വെക്കാത്ത സ്ഥാപനങ്ങളിലെ രണ്ടു വിദേശി തൊഴിലാളികളെ മാത്രമാണ് ലെവിയിൽ നിന്ന് ഒഴിവാക്കുക.
 

Latest News