തിരുവനന്തപുരം- സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ സഭയിലേക്ക് കടന്നപ്പോള്‍ തന്നെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.
മൂന്ന് പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ് തങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമത്തിലെ പത്താം വകുപ്പ് ലംഘിച്ചുകൊണ്ട് വൈസ് ചാന്‍സലര്‍ നിയമനത്തിനായി ചുമതലപ്പെടുത്തിയ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കുകയും വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഗവര്‍ണര്‍ വഴങ്ങുകയും ചെയ്തു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ പൂര്‍ണമായും ഇല്ലാതാക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. 1999ല്‍ ലോകായുക്ത നിയമം പാസാക്കിയപ്പോള്‍ ബില്‍ പ്രസിഡന്റിന്റെ അനുമതിക്കായി അയക്കുകയുണ്ടായി. ലോകായുക്ത ഓര്‍ഡിനന്‍സ് പ്രസിഡന്റിന്റെ അനുമതിക്കായി അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരുമായി ഗൂഢാലോചന നടത്തി ഗവര്‍ണര്‍ ഒപ്പുവച്ചു. ഈ മാസം 18ന് നിയമസഭ ചേരുമെന്ന് ധാരണയുണ്ടായിരുന്നിട്ടും സര്‍ക്കാരും ഗവര്‍ണറും മനപൂര്‍വം ഒത്തുചേര്‍ന്ന് നിയമസഭ ചേരുന്ന തീരുമാനം എടുക്കാന്‍ വൈകിപ്പിച്ചു. സഭചേരാന്‍ തീരുമാനമെടുത്തതിന്റെ തലേദിവസം ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് നിയമസഭയെ സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് അവഹേളിച്ചെന്നും സതീശന്‍ പറഞ്ഞു.