Sorry, you need to enable JavaScript to visit this website.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍, കേള്‍ക്കാന്‍ പ്രതിപക്ഷമില്ല, നിസ്സംഗരായി ഭരണപക്ഷവും

തിരുവനന്തപുരം- സാധാരണ നയപ്രഖ്യാപന പ്രസംഗത്തില്‍ ചെയ്യാറുള്ളതുപോലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം ഭരണപക്ഷത്തിന് ആഹ്ലാദമുണ്ടായില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ഇന്ന് നയപ്രഖ്യാപനം നടന്നത്. പൊതുവേ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വായിക്കുമ്പോള്‍ ഭരണപക്ഷത്തെ അംഗങ്ങള്‍ ഡെസ്‌കിലടിച്ച് അഭിനന്ദിക്കാറുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ മൗനം ഗവര്‍ണറോടുള്ള അതൃപ്തി പരസ്യമാക്കുന്നതായിരുന്നു.

രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രസംഗിക്കാന്‍ സീറ്റില്‍ നിന്നു എഴുന്നേറ്റതോടെ ഗവര്‍ണര്‍ ക്ഷുഭിതനാവുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭ വിട്ടു പുറത്തേക്ക് പോയി പ്രവേശനകവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

 കഴിഞ്ഞ ദിവസം മാറ്റി നിറുത്തിയ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ നിയമസഭാസമ്മേളനത്തില്‍ പങ്കെടുത്തു. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി എസ്. കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആര്‍ ജ്യോതിലാലാണ് സര്‍ക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്.

ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടേണ്ടെന്ന നിലപാട് ഗവര്‍ണര്‍ എടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ജ്യോതിലാലിനെ മാറ്റാന്‍ തീരുമാനിച്ചത്. ഇക്കാര്യം അറിഞ്ഞ ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി നല്‍കിയത്.

 

Latest News