റിയാദ് - സൗദിയില്‍ പ്രതിവാര തൊഴില്‍ ദിനങ്ങള്‍ കുറക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നുണ്ട് എന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് വ്യക്തമാക്കി. തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നതിനെ കുറിച്ചാണ് മന്ത്രാലയം പഠിക്കുന്നത്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വര്‍ധിപ്പിക്കുകയും പ്രാദേശിക വിപണിയുടെ നിക്ഷേപ ആകര്‍ഷണീയത ഉയര്‍ത്തുകയുമാണ് ലക്ഷ്യം.
പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ നിര്‍ദേശങ്ങള്‍ക്കു വേണ്ടി പരിഷ്‌കരിച്ച കരടു തൊഴില്‍ നിയമം നേരത്തെ ഇസ്തിത്‌ലാഅ് (പബ്ലിക് കണ്‍സള്‍ട്ടേഷന്‍) പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തിയിരുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും മാധ്യമങ്ങള്‍ സൂക്ഷ്മതയും കൃത്യതയും പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
ചില അയല്‍ രാജ്യങ്ങളില്‍ സമീപ കാലത്ത് നടപ്പാക്കിയതു പോലെ സൗദിയിലും പ്രതിവാര തൊഴില്‍ ദിനങ്ങള്‍ നാലായോ നാലരയായോ കുറക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായി തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ചിലര്‍ തെറ്റിദ്ധരിച്ച് തൊഴില്‍ ദിനങ്ങള്‍ കുറക്കുന്നതിനെ കുറിച്ച് മന്ത്രാലയം പഠിക്കുകയും ആലോചിക്കുകയും ചെയ്യുന്നു എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതാണിപ്പോള്‍ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.
സൗദിയില്‍ നേരത്തെ സ്വകാര്യ മേഖലയില്‍ പ്രതിവാര തൊഴില്‍ ദിനങ്ങള്‍ അഞ്ചായി കുറക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീക്കം നടത്തിയിരുന്നെങ്കിലും സ്വകാര്യ വ്യവസായികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇതില്‍ നിന്ന് മന്ത്രാലയം പിന്‍വാങ്ങുകയായിരുന്നു. പ്രതിവാര തൊഴില്‍ ദിനങ്ങള്‍ അഞ്ചായി കുറക്കുന്നത് സ്വകാര്യ മേഖലയിലെ ദശലക്ഷക്കണക്കിന് വിദേശികളെ ജോലിക്കു വെക്കാനുള്ള ചെലവ് വര്‍ധിപ്പിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ഇതിനെ സ്വകാര്യ വ്യവസായികള്‍ എതിര്‍ത്തത്. ഇതിനു പിന്നാലെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ സ്വമേധയാ ദ്വിദിന അവധി നല്‍കുന്നതിനെ മന്ത്രാലയം പ്രോത്സാഹിപ്പിച്ചു.
ഇതു പ്രകാരം നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കാന്‍ തുടങ്ങിയിരുന്നു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ തൊഴില്‍ സാഹചര്യങ്ങള്‍ തമ്മിലെ അന്തരം കുറച്ച് സ്വകാര്യ മേഖലയിലെ ജോലി സ്വീകരിക്കാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഗവണ്‍മെന്റ് മേഖലയെ പോലെ സ്വകാര്യ മേഖലയിലും ദ്വിദിന അവധി നടപ്പാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ നീക്കം നടത്തിയത്. സ്വദേശികളുടെ മിനിമം വേതനം നാലായിരം റിയാലായി ഉയര്‍ത്താന്‍ സ്വകാര്യ മേഖലയെ പരോക്ഷമായി നിര്‍ബന്ധിക്കുന്ന തീരുമാനവും സമീപ കാലത്ത് മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.