Sorry, you need to enable JavaScript to visit this website.

സൗദി ഇഖാമ, റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ ആനുകൂല്യം ഇന്ത്യക്കാര്‍ക്കില്ല

റിയാദ് - കൊറോണ വ്യാപനം കണക്കിലെടുത്ത് സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ഫീസുകളും ലെവിയും കൂടാതെ മാര്‍ച്ച് 31 വരെ ഓട്ടോമാറ്റിക് രീതിയില്‍ ദീര്‍ഘിപ്പിച്ചു നല്‍കാനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തിന്റെ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റിന്റെ സ്ഥിരീകരണം.

തുര്‍ക്കി, ലെബനോന്‍, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്ക്, മലാവി, സാംബിയ, മഡഗസ്‌കര്‍, അംഗോള, സീഷല്‍സ്, മൗറീഷ്യസ്, കോമറോസ്, നൈജീരിയ, ബോട്‌സ്വാന, ലെസോത്തൊ, എസ്വാറ്റിനി എന്നീ പത്തൊമ്പതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമേ ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ഫീസുകളും ലെവിയും കൂടാതെ മാര്‍ച്ച് 31 വരെ ഓട്ടോമാറ്റിക് രീതിയില്‍ ദീര്‍ഘിപ്പിച്ചു നല്‍കാനുള്ള തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ.

കൊറോണ വ്യാപനം കാരണം ഇന്ത്യ അടക്കം 16 രാജ്യങ്ങളിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ലെബനോന്‍, തുര്‍ക്കി, യെമന്‍, സിറിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്‌നാം, എത്യോപ്യ, സോമാലിയ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര പോകുന്നതാണ് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ഫീസുകളും ലെവിയും കൂടാതെ മാര്‍ച്ച് 31 വരെ ഓട്ടോമാറ്റിക് രീതിയില്‍ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തുടങ്ങിയതായി ജനുവരി 24 ന് ആണ് ജവാസാത്ത് അറിയിച്ചത്. ഇതിനു മുമ്പ് പലതവണ സമാന രീതിയില്‍, വിദേശങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമകളും റീ-എന്‍ട്രികളും വിസിറ്റ് വിസകളും ഫീസുകളും ലെവിയും കൂടാതെ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ഇതിന്റെ ആനുകൂല്യം ഇന്ത്യയില്‍ കുടുങ്ങിയവര്‍ക്കും ലഭിച്ചിരുന്നു.

 

Latest News