കോട്ടയം- നടന്‍ കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ 4.15ഓടെ ആയിരുന്നു അന്ത്യം. ഐവി ശശി സംവിധാനം ചെയ്ത 'ഇ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010 ല്‍ ഇറങ്ങിയ 'വിണ്ണെ താണ്ടി വാരുവായ' എന്ന ചിത്രമാണ് കോട്ടയം പ്രദീപിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇതില്‍ ഇദ്ദേഹം അവതരിപ്പിച്ച റോളും അതിന്റെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നും ശ്രദ്ധേയമായ വേഷങ്ങളിലേക്ക് പ്രദീപിനെ എത്തിച്ചത് ഈ റോളാണ്.തട്ടത്തിന്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.