കാസർകോട്- യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. 2019 ഫെബ്രുവരി 17 ന് സന്ധ്യയ്ക്കാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്യോട്ട് രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാവിലെ കല്യോട്ട് എത്തിച്ചേരുന്നുണ്ട്.
സംഭവം നടന്നിട്ട് മൂന്ന് വർഷം തികയുമ്പോൾ കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐ ഏതാണ്ട് പൂർത്തീകരിച്ചിട്ടുണ്ട്. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ അടുത്തു തന്നെ ആരംഭിക്കും. ആദ്യം ലോക്കൽ പോലീസും തുടർന്ന് ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ചതിനാൽ ഈ കേസിന്റെ വിചാരണ വൈകി ആരംഭിക്കുന്ന സാഹചര്യമാണുണ്ടായത്. സി.ബി.ഐ അന്വേഷണം പൂർത്തിയായതോടെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പാർട്ടിയുടെ പെരിയ-പാക്കം ലോക്കൽ സെക്രട്ടറിമാർ എന്നിവരുൾപ്പെടെ 24 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
14 പേരെയാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയിരുന്നത്. പത്തു പേരെക്കൂടി സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. കുറ്റപത്രം എറണാകുളം സെഷൻസ് കോടതിയിലേക്കാണ് പിന്നീട് മാറ്റിയത്. ഇവിടെ നിന്ന് സി.ബി.ഐ കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ നടന്നു വരുന്നുണ്ട്. ഇതോടെ വിചാരണയും ആരംഭിക്കും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേരിൽ കെ.മണികണ്ഠനുൾപ്പെടെ മൂന്നു പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി എ.പീതാംബരൻ അടക്കം 11 പ്രതികൾ രണ്ടര വർഷത്തിലേറെയായി കണ്ണൂർ സെൻട്രൽ ജയിലിലാണ്. അതിനിടെ കേസിലെ 11-ാംപ്രതി ഏച്ചിലടുക്കം പ്രദീപിന്റെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി തള്ളിയിരുന്നു. പ്രദീപ് നേരത്തെ ഹൈക്കോടതിയിൽ ജാമ്യ ഹരജി നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.