കൊച്ചി-ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ പരസ്യമായ അജണ്ട തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡ് മോഡമ സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും ഇതിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവില്‍ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
ഇഎംഎസിനും സിപിഎമ്മിനും ഏകീകൃത സിവില്‍ കോഡ് വരണമെന്ന നിലപാടാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റി യൂടേണ്‍ അടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഗവര്‍ണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനസംഘ കാലം മുതല്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പോലും ഇക്കാര്യം പറഞ്ഞിരുന്നു. ഹിജാബ് വിഷയത്തിലും ഏകീകൃത സിവില്‍ കോഡ് വിഷയത്തിലും ചില അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ഗവര്‍ണര്‍ വലിയ രീതിയില്‍ ആക്ഷേപം നേരിടുകയാണ്. ഗവര്‍ണക്കെതിരേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായ ആക്ഷേപങ്ങളാണ് സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയുമെല്ലാം ഭാഗത്തു നിന്നുണ്ടാകുന്നത്. അത് ശരിയായ നടപടിയല്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കെഎസ്ഇബി അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സി പി എം നേതൃത്വത്തിന്റെ അറിവോടെയാണ് എംഎം മണിയും ലംബോധരനും അഴിമതി നടത്തിയിരിക്കുന്നത്. മൂന്നാറിനെയും ഇടുക്കിയേയും ഇവര്‍ വ്യാപകമായി കൊള്ളയടിച്ചു. വെറും സാധാരണക്കാരായിരുന്ന ഇവര്‍ക്ക് ശതകോടിക്കണക്കിന് സമ്പാദ്യമാണ് ഇപ്പോഴുള്ളത്. ടൂറിസ്റ്റ്റിസോര്‍ട്ട് മാഫിയകളേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും പാറമട ലോബിയേയും സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കെഎസ്ഇബിയുടെ നൂറുകണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കുന്നത്. ഇത് മന്ത്രിയും മുന്‍ മന്ത്രിയും തമ്മിലുള്ള പ്രശ്നമല്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.