Sorry, you need to enable JavaScript to visit this website.

പോലീസ് സേനയില്‍ കുഴപ്പക്കാരുണ്ട്; നടപടിയെടുക്കുമെന്ന് പിണറായി

ആലപ്പുഴ- ആഭ്യന്തരവകുപ്പിനെതിരെ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി. വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നുവെന്നും പോലീസില്‍ കുഴപ്പക്കാര്‍ ഉണ്ടെന്നും പിണറായി വിജയന്‍ സമ്മതിച്ചു. ഇത്തരക്കാരെ പ്രത്യേകം ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും ചെയ്യും. സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ച വിവിധ വിഷയങ്ങളിലും പിണറായി മറുപടി പറഞ്ഞു. സിപിഐയും എന്‍ സി പിയും ഘടകകക്ഷികളാണ്.  ശത്രുക്കളല്ല. സി പി ഐയെ ശത്രുതയോടെ കാണരുത്. കുട്ടനാട് എം എല്‍ എയെ നിയന്ത്രിക്കാന്‍ സിപിഎം പോകണ്ട. വരുതിക്ക് നിര്‍ത്തണമെന്ന് മോഹം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആലപ്പുഴയില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകും, അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ചില വിഭാഗീയ പ്രശ്നങ്ങളുണ്ടായി. വിഭാഗീയത എവിടെയൊക്കെയുണ്ടെന്നും ആരൊക്കെയാണെന്നും കൃത്യമായി അറിയാം. തിരുത്തണം, അല്ലെങ്കില്‍ തിരുത്തിക്കും. ഓരോരുത്തര്‍ക്കും എതിരായ വിമര്‍ശനം ശരിയാണോയെന്ന് അവര്‍ പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയിലെ നേതാക്കളില്‍ ഒരു വിഭാഗത്തിന് അമിതമായ അധികാരഭ്രമമുണ്ടെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ആരോപിക്കുന്നു. ലോക്കല്‍ സെക്രട്ടറിമാര്‍ പഞ്ചായത്ത് പ്രസിഡന്റാകാനും ഏരിയ സെക്രട്ടറിമാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകാനും പ്രത്യേകം താല്‍പര്യം കാണിക്കുന്നു. പാര്‍ലമെന്ററി സ്ഥാനങ്ങള്‍ക്കായി വല്ലാതെ ആഗ്രഹം കാണിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഇതു പരിശോധിച്ച് തിരുത്തണം.
പാര്‍ലമെന്ററി സ്ഥാനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അസംതൃപ്തി പ്രകടിപ്പിക്കുന്ന സമീപനവും ചിലരില്‍ നിന്നുണ്ടാകുന്നു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പാര്‍ട്ടി ഉത്തരവാദിത്തം മറക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന മനോഭാവമുള്ളവരും പാര്‍ട്ടിയിലുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ക്രിമിനല്‍ സ്വഭാവമുള്ളവരും ലഹരി മരുന്ന് മാഫിയയുമായി ബന്ധപ്പെടുന്നവരും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരും വര്‍ധിച്ചുവരുന്നു. ഇത്തരക്കാരുമായി കൃത്യമായ അകലം പാലിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും കഴിയണം. ജാതി ചിന്ത ചില പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നുണ്ട്.
ചില പ്രവര്‍ത്തകരില്‍ കമ്യുണിസ്റ്റുകാരെന്ന അവബോധം നഷ്ടമാകുന്നുണ്ട്.
തെറ്റുതിരുത്തല്‍ പരിശോധന പൂര്‍ണരീതിയില്‍ എല്ലാ ഘടകങ്ങളിലും നടത്തിയിട്ടില്ലെന്നും തെറ്റായ പ്രവണത വച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി അംഗത്വത്തിനുള്ള സൂക്ഷ്മപരിശോധന സമയത്ത് സമര്‍പ്പിക്കുന്ന സ്റ്റേറ്റ്‌മെന്റ് വസ്തുതാപരമാണോ എന്നു കൃത്യമായി പരിശോധിക്കണം. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സ്വത്ത് വിവരം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. സ്വത്ത് വിവരം പരിശോധിക്കാനുള്ള പ്രവര്‍ത്തനം ജാഗ്രതയോടെ നടത്തണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ചിലര്‍ തുടര്‍ച്ചയായി മത്സരിക്കുന്നുവെന്നും തോല്‍ക്കുന്നതു വരെ മത്സരിക്കുകയെന്ന കോണ്‍ഗ്രസ് ശൈലി സിപിഎമ്മിലും വരുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ട്‌നി ര്‍ദേശിക്കുന്നുണ്ട്.

 

 

Latest News