റിയാദ് - ബിനാമി ബിസിനസ് നടത്തുന്ന ഓരോ വിദേശിക്കു പിന്നിലും ഒരു സൗദി പൗരനോ ഒരു സൗദി വനിതയോ ഉണ്ടെന്ന് വാണിജ്യ മന്ത്രിയും ആക്ടിംഗ് മീഡിയ മന്ത്രിയുമായ ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ദീര്‍ഘിപ്പിക്കില്ല. ബിനാമി ബിസിനസ് നടത്തുന്നവര്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കുമെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
കിരീടാവകാശി പ്രഖ്യാപിച്ച ജിദ്ദ സെന്‍ട്രല്‍ പദ്ധതി ജിദ്ദയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും. ചരിത്ര പ്രാധാന്യമുള്ള രാജകൊട്ടാരങ്ങള്‍ പുനരുദ്ധരിച്ചും വികസിപ്പിച്ചും ആഗോള നിലവാരത്തിലുള്ള ഹോട്ടലുകളാക്കി മാറ്റാനാണ് ബൂട്ടിക് ഗ്രൂപ്പ് ആരംഭിച്ചത്. സൗദി പൗരന്മാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ നീതിപൂര്‍വവും സുവ്യക്തമായ നടപടികളിലൂടെയും ഉറപ്പുവരുത്തും. വികസന പദ്ധതികള്‍ക്കു വേണ്ടി ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും ഉടമകള്‍ക്ക് നഷ്ടപരിഹാരമായി കണക്കാക്കുന്ന തുകയില്‍ വിയോജിപ്പുള്ള പക്ഷം 60 ദിവസത്തിനകം ബന്ധപ്പെട്ട കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അതിയായി ആഗ്രഹിക്കുന്നു.
വിഷന്‍ 2030 പദ്ധതിയുടെ ഫലങ്ങള്‍ സൗദി അറേബ്യ അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആറു വര്‍ഷത്തിനിടെ ഖനന മേഖലാ സ്ഥാപനങ്ങളുടെ എണ്ണം 1,300 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം റിയാദില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖനന സമ്മേളനത്തില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 100 ലേറെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കിരീടാവകാശിയുടെ ഗള്‍ഫ് പര്യടനം അനുകൂല ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്.
കൊറോണ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനം കൈവരിക്കാന്‍ സാധിച്ചതില്‍ സൗദി അറേബ്യ അഭിമാനിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് ടൂറിസം മേഖലാ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചിട്ടുണ്ട്. സൗദിയില്‍ പതിനായിരത്തിലേറെ വ്യവസായശാലകളുണ്ട്. കഴിഞ്ഞ വര്‍ഷം കൊറോണ പ്രതിസന്ധിക്കിടെയും സൗദി ഉല്‍പന്നങ്ങള്‍ 188 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. കഴിഞ്ഞ കൊല്ലം പെട്രോളിതര കയറ്റുമതി 208 ബില്യണ്‍ റിയാലായി ഉയര്‍ന്നതായും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.