റിയാദ് - മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ വര്‍ഷം പുതുതായി 30 സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി അറിയിച്ചു. റിയാദില്‍ ഗവണ്‍മെന്റ് ആശയവിനിമയത്തിനുള്ള പീരിയോഡിക്കല്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ മേഖലയില്‍ ഭൂരിഭാഗം പ്രവര്‍ത്തന മേഖലകളിലും തൊഴിലുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കും.
2021 ല്‍ മന്ത്രാലയം 32 സൗദിവല്‍ക്കരണ തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്. ഇവ സ്വദേശികള്‍ക്ക് നാലു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സൗദിവല്‍ക്കരണ തീരുമാനങ്ങളിലൂടെ 17,000 സ്വദേശി എന്‍ജിനീയര്‍മാര്‍ക്കും 16,000 അക്കൗണ്ടന്റുമാര്‍ക്കും 3,000 ഡെന്റല്‍ ഡോക്ടര്‍മാര്‍ക്കും 6,000 ഫാര്‍മസിസ്റ്റുകള്‍ക്കും തൊഴിലുകള്‍ ലഭ്യമാക്കാന്‍ സാധിച്ചു. എല്ലാ മാസാവസാനവും തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ വേതന സുരക്ഷാ പദ്ധതി പാലനം മന്ത്രാലയം സ്ഥാപിച്ച ഇ-ലിങ്കിന്റെ ഫലമായി 80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാര്‍ 19 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇത് റെക്കോര്‍ഡ് ആണ്. എങ്കിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിവല്‍ക്കരണ വഴിയില്‍ തുടക്കത്തിലാണ് ഇപ്പോഴും. സൗദിവല്‍ക്കരണം നടപ്പാക്കുന്ന കാര്യത്തില്‍ മന്ത്രാലയത്തിന് വലിയ അഭിലാഷങ്ങളുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രണ്ടു വര്‍ഷം മുമ്പ് തൊഴില്‍ വിപണി തന്ത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 25 പരിഷ്‌കരണ പദ്ധതികള്‍ അടങ്ങിയിരിക്കുന്നു. കിരീടാവകാശി സമാരംഭം കുറിച്ച വന്‍കിട പദ്ധതികളുമായി ഒത്തുപോകാനാണ് തൊഴില്‍ വിപണി തന്ത്രത്തിലൂടെ ശ്രമിക്കുന്നത്. കിരീടാവകാശി പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
നിക്ഷേപകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി രാജ്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ട് തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് നിലവില്‍ പഠനം നടത്തുന്നുണ്ട്. തൊഴില്‍ വിപണി ആകര്‍ഷണീയമായിരിക്കല്‍ പ്രധാനമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും സഹായിക്കുന്ന നിലക്ക് പുതിയ തൊഴില്‍ നിയമത്തെ തൊഴില്‍ ആകര്‍ഷമാക്കി മാറ്റാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നു.
ഏതെങ്കിലും പ്രത്യേക തൊഴില്‍ നിര്‍വഹിക്കാന്‍ സൗദി പൗരന്മാര്‍ അനുയോജ്യരല്ല എന്ന വാദം ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മികച്ച വരുമാനം ലഭിക്കുന്ന വ്യത്യസ്ത തൊഴിലുകളില്‍ സൗദികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശി യുവതീയുവാക്കള്‍ തൊഴില്‍ വിപണിയില്‍ വിജയവും കാര്യശേഷിയും തെളിയിച്ചിട്ടുണ്ടെന്നും എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു.