Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍

കണ്ണൂര്‍ - തോട്ടടയില്‍ വിവാഹ വീടിനടുത്ത് ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിലായി. ഏച്ചൂരിലെ കെ.ജിഷ്ണു വിന്റെ (24) കൊലപാതക കേസിലാണ് ഏച്ചൂര്‍ സ്വദേശികളായ മിഥുന്‍ (26),, ഗോകുല്‍(25) ചാല കാടാച്ചിറ സ്വദേശി സനാദ് (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘതലവന്‍ അസി.കമ്മീഷണര്‍ പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇതില്‍ മിഥുന്‍ കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു.
              
പിടിയിലായ സനാദ്, മിഥുന്റെ കൂട്ടുകാരനാണ്. സംഭവ ദിവസം സ്ഥലത്ത് വാഹനവുമായി എത്തിയത് ഇയാളാണ്. ഈ വാഹനത്തിലാണ് വടിവാള്‍ സൂക്ഷിച്ചിരുന്നത്. ഈ വടിവാള്‍ വീശിയാണ് മിഥുന്‍ സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അസി.കമ്മീഷണര്‍ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയായി. പടക്കങ്ങളിലെ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെയാണിവര്‍ ബോംബുണ്ടാക്കിയത്. മിഥുനാണ് ബോംബ് നിര്‍മ്മിച്ചത്. മിഥുന്റെ വീട്ടുപരിസരത്തു വെച്ചായിരുന്നു നിര്‍മ്മാണം. ഇവിടെ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മ്മിക്കാനുപയോഗിച്ച വസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വെച്ചു തന്നെയാണ് സംഘം പരീക്ഷണ പൊട്ടിക്കല്‍ നടത്തിയതും.

കണ്ണൂര്‍ താഴെചൊവ്വയിലെ പടക്കക്കടയില്‍ നിന്നും സംഭവം നടന്നതിന്റെ തലേന്നാള്‍ രാത്രി മൂന്നംഗ സംഘം പടക്കങ്ങള്‍ വാങ്ങിയെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ പടക്കങ്ങളല്ല ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. 4000 രൂപയുടെ പടക്കങ്ങളാണ് സംഘം വാങ്ങിയത്. ഇത് കല്യാണ ഘോഷയാത്രക്കിടെ പൊട്ടിക്കാനായിരുന്നു വെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരമെന്ന് അസി.കമ്മീഷണര്‍ വ്യക്തമാക്കി.
             വിവാഹതലേന്നുണ്ടായ സംഘര്‍ഷത്തില്‍ പങ്കാളികളായവര്‍ക്ക് മറുപടി നല്‍കണമെന്ന് സംഘം അന്നു തന്നെ തീരുമാനിച്ചിരുന്നു. ബോംബ് കിട്ടിയില്ലെങ്കില്‍ മാരകായുധമുപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ചാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വാഹനത്തില്‍ വടിവാളുമായി തോട്ടടയിലെ വിവാഹ വീടിന് സമീപം എത്താന്‍ സനാദിനോട് നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് സനാദ് എത്തുകയും, മിഥുന്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെയാണ് ബോംബേറുണ്ടായതും, ജിഷ്ണു കൊല്ലപ്പെട്ടതും. ഈ സംഭവം നടന്ന ഉടന്‍ സംഘത്തില്‍ പെട്ടവര്‍ ഭയന്ന് ഓടി രക്ഷപ്പെട്ടുവെങ്കിലും, മിഥുന്‍ വടിവാളുമായി അവിടെത്തന്നെ നിലയുറപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനൊരുങ്ങിയവരെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കുകയും ചെയ്തു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.
പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

 

 

Latest News