കോഴിക്കോട്- ഉക്രെയിന്‍ സംഘര്‍ഷത്തിന് അയവു വന്നതോടെ തങ്ങള്‍ സുരക്ഷിതരാണെന്നും നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമില്ലെന്നും ഉക്രെയിനില്‍ നിന്നുള്ള മലയാളികള്‍. അതിര്‍ത്തികളില്‍ റഷ്യ വലിയ തോതിലുള്ള സൈനിക വിന്യാസം നടത്തിയതിനെ തുടര്‍ന്ന് ഭീതിയിലായിരുന്നെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ജനജീവിതം സാധാരണ നിലയിലായെന്നും അവര്‍ പറഞ്ഞു.
റഷ്യ സൈനിക വിന്യാസം നടത്തിയ ആദ്യ ദിവസങ്ങളില്‍ അല്‍പ്പം ആശങ്കയുണ്ടായിരുന്നെങ്കിലും സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാന്‍ തയ്യാറായതോടെ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉക്രെയിനില്‍ വിദ്യാര്‍ത്ഥിയായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം പള്ളത്ത് ജസ്റ്റിന്‍ പി.ജോസ് 'മലയാളം ന്യൂസി'നോട് പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കുറേപ്പേര്‍ ജോലിയിലുമുണ്ട്. സംഘര്‍ഷാവസ്ഥ നീങ്ങിയതോടെ വലിയ ആശ്വാസത്തിലാണ് മലയാളികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉക്രെയിനില്‍ അടിയന്തരിമായി തങ്ങേണ്ട ആവശ്യമില്ലാത്തവര്‍ തല്‍ക്കാലത്തേക്ക് മാറി നില്‍ക്കണമെന്ന് ഉക്രെയിനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സ്ഥിതിഗതികള്‍ അല്‍പ്പം ശാന്തമായതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ അധികമാരും താല്‍പര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിന്‍ പറഞ്ഞു.
ഉടന്‍ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് അല്‍പ്പം ആശങ്കയുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ റഷ്യന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവന വന്നതോടെ എല്ലാവരും ആശ്വാസത്തിലാണെന്ന് ഉക്രെയിനിലെ ഒഡേസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ തിരുവന്തപുരം നാലാഞ്ചിറ സ്വദേശി ക്രിസ് ബിന്നി പറഞ്ഞു. താന്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ മാത്രം 250 ലേറെ വിദ്യാര്‍ത്ഥികളുണ്ട്. പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി അകന്നതോടെ എല്ലാവരും സന്തോഷത്തിലാണ്. വരും ദിവസങ്ങളില്‍ ഇനി എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സഹായങ്ങള്‍ ചെയ്യാന്‍ എംബസി തയ്യാറെടുത്തിട്ടുണ്ട്-ക്രിസ് ബിന്നി പറഞ്ഞു.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളാണ് ഭയപ്പെടുത്തുന്നതെന്നും ജനങ്ങളെല്ലാം സാധാരണ ജീവിതത്തിലേക്ക് മാറിയിട്ടുണ്ടെന്നും ഇവോനോ ഫ്രാങ്കിസ്‌ക് നാഷണല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം മുട്ടത്തറ സ്വദേശി അമല്‍ സജീവ് പറയുന്നു. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് തുടക്കത്തില്‍ യാതൊരു നിര്‍ദ്ദേശങ്ങളോ ഇടപെടലുകളോ ഉണ്ടായിരുന്നില്ല. ഇത് വലിയ ആശങ്കയുണ്ടാക്കിയിരുന്നുവെന്ന് അമല്‍ പറയുന്നു.
ഉക്രെയിനില്‍ ഇന്ത്യയില്‍ നിന്നുള്ള 20,000ത്തോളം വിദ്യാര്‍ത്ഥികള്‍ പല യൂണിവേഴ്‌സിറ്റികളിലായി പഠനം നടത്തുന്നുണ്ടെന്ന് ഇന്ത്യയില്‍ നിന്ന് ഉക്രെയിനിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ശരിയാക്കി നല്‍കുന്ന കൊച്ചിയിലെ അനിക്‌സ് എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്‍സി ഉടമ അലക്‌സ് തോമസ് 'മലയാളം ന്യൂസി'നോട് പറഞ്ഞു. ഇവരില്‍ നാലായിരത്തിലേറെ പേര്‍ മലയാളികളാണ്. നിലവില്‍ പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉക്രെയിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള വിവരം. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എംബസി സ്വീകരിച്ചിട്ടുണെന്നും അക്കാര്യം അവര്‍ അറിയിച്ചതായും അലക്‌സ് തോമസ് പറഞ്ഞു. യുദ്ധം ഉണ്ടാകുമെന്ന ഭയത്തില്‍ യു.എസ് എംബസി അവരുടെ പൗരന്‍മാരെ തിരിച്ചയക്കാനായി ചില അടിയന്തിര നടപടികള്‍ സ്വീകരിച്ചതോടെയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ ആശങ്കയിലായത്. അവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ആദ്യം ഭീതിയിലായിരുന്നു. ഇപ്പോള്‍ അവരെല്ലാം ആശ്വാസത്തിലാണ് അലക്‌സ് പറഞ്ഞു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ഉക്രെയിനില്‍ വിവിധ ജോലികളിലുണ്ട്. ഭീതി ഒഴിഞ്ഞതോടെ അവരും ആശ്വാസത്തിലാണ്.