കോവിഡ് കാലത്തും ചെറിയ അവധിക്കെത്തുന്ന പ്രവാസികൾ നാടിന്റെ ഹരിത ഭംഗി നുകരാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. സമയക്കുറവ് കാരണം ഹിമാലയ, ഗോവ ടൂറുകളൊന്നും ആരും ആസൂത്രണം ചെയ്യാറില്ല. മുമ്പത്തെ പോലെ സിംഗപ്പൂരും മലേഷ്യയും കറങ്ങിവരാനും കൊറോണ നിയന്ത്രണം കാരണം സാധിക്കാറില്ല. എല്ലവരുടെയും ചോയ്‌സായി അവശേഷിക്കുന്നത് വയനാട്ടിലേക്കുള്ള വൺ ഡേ പിക്‌നികാണ്. വയനാട്ടിൽ വാരാന്ത്യത്തിൽ തിരക്കേറുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് മാറ്റിപ്പിടിക്കാമെന്നു വെച്ചത്.
പ്രവാസത്തിന്റെ അലസതയും വിരസതയും അകറ്റുന്നതോടൊപ്പം നല്ല കാലാവസ്ഥയും ആസ്വദിക്കുക എന്നതായിരുന്നു ജിദ്ദയിലെ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കരുവാരക്കുണ്ടിലെ സിറാജ് മുസ്‌ലിയാരകത്ത്, ഷാജി കോട്ടയിൽ, മുഹമ്മദലി നമ്പ്യൻ, ജാഫർ പുളിയകുത്ത്, ഫൈസൽ പുത്തൻ പീടിക എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം ഏകദിന യാത്ര പുറപ്പെടുമ്പോൾ മനസ്സിലുണ്ടായിരുന്നത്. പുലർച്ചെ നാലരക്കാണ് കിഴക്കൻ ഏറനാട്ടിലെ കരുവാരക്കുണ്ടിൽ നിന്നും യാത്ര പുറപ്പെട്ടത്. ഏഴരക്ക് പൊള്ളാച്ചിക്കടുത്ത് ചെറിയൊരു ചായക്കടയിൽ കയറി വടയും നെയ്‌റോസറ്റും തമിഴ്‌നാട്ടിലെ പൊങ്കൽ ചായയും അകത്താക്കി പൊള്ളാച്ചി വാൾപാറ അതിരപ്പിളളി യാത്ര തുടർന്നു. ആളിയാർ ഡാം മറ്റു ചെറു ഡാമുകൾ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് സംസ്ഥാനത്തിൽ ഉൾപ്പെടുന്ന വാൾപാറ ചുരത്തിന് താഴെ ചെക്ക് പോസ്റ്റിൽ യാത്രാ അനുമതി പത്രം സ്വീകരിച്ച് ചുരം കയറാൻ തുടങ്ങി. യാത്രക്കിടയിൽ വീഡിയോ എടുക്കലും ഫോട്ടോ എടുക്കലും തുടങ്ങിയിരുന്നു.
നല്ലൊരു അനുഭവം തന്നെയായിരുന്നു. നാൽപത് ഹെയർപിൻ വളവുകൾ താണ്ടി വാൾപാറ ടൗണിൽ എത്തി. മലയാളത്തിലും തമിഴിലുമായി ഹോം സ്‌റ്റേ ബോർഡുകളാണ് അധികവും. താങ്ങാൻ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് അതിരപ്പിള്ളി ലക്ഷ്യമാക്കി യാത്ര തുടർന്നു. ഏകദേശം എൺപത് കിലോമീറ്റർ എന്ന ബോർഡ് കണ്ടു. കുറച്ച് അകലെ വീണ്ടുമൊരു ചെക്ക് പോസ്റ്റ് -അത് നമ്മുടെ കേരള ചെക്ക് പോസ്റ്റായിരുന്നു. യാത്ര തുടരണമെങ്കിൽ അനുമതി പത്രത്തിൽ പറയുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥമാണെന്ന് ഒപ്പിട്ടു കൊടുക്കണം. പോരാത്തതിന് ഉദ്യോഗസ്ഥരുടെ കർശന നിർദേശവും ഉപദേശവും. നിബിഢ വനത്തിലൂടെ ആനയെ പേടിച്ചുള്ള ഓട്ടം തുടർന്നു. വാഴച്ചാലിൽ എത്തിയപ്പോൾ ഹോട്ടലും വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടവും അടഞ്ഞു കിടക്കുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ഒന്നര വയസ്സുള്ള കുട്ടിയെ ആന ചവിട്ടിക്കൊന്നതുകൊണ്ട് ഹർത്താലാണെന്ന്. അവിടെ നിന്ന് നേരെ അതിരപ്പിള്ളിയിലെത്തി.
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിധ്യമാണ് അതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ വാഴച്ചാൽ വെള്ളച്ചാട്ടം. അതിരാവിലെ പുറപ്പെട്ട് വിശന്ന് വലഞ്ഞ ഞങ്ങൾക്ക് അവിടെ ഹോട്ടൽ തുറന്നത് ആശ്വാസമായി. നാടൻ ചോറും കരിമീൻ പൊരിച്ചതും കിട്ടി. ഹോട്ടലുകാരനോട് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വല്ല വഴിയും ഉണ്ടോ എന്ന് തിരക്കിയപ്പോൾ തുറക്കാൻ സാധ്യതയുണ്ട്, കുറച്ച് നേരം കാത്തിരിക്കാൻ പറഞ്ഞു. ഒടുവിൽ നാലു മണിക്ക് ടിക്കറ്റ് കൗണ്ടർ തുറന്നു. ഒരാൾക്ക് അൻപത് രൂപയും ഇന്നോവക്ക് പ്രവേശിക്കാൻ ഇരുപത്തഞ്ച് രൂപയും ഈടാക്കി. വെള്ളച്ചാട്ടത്തിനടുത്ത് കുറെ നേരം നിന്ന് പതിവ് പോലെ എല്ലാവരുടെയും ആഗ്രഹംതീരും വരെ ഫോട്ടോകളും വീഡിയോകളുമെടുത്ത് അഞ്ച് മണിക്ക് അവിടന്നിറങ്ങി.
മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് അതിരപ്പിള്ളി. സംവിധായകൻ മണിരത്‌നത്തിന്റെ 'രാവൺ' എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീത രംഗം ചിത്രീകരിച്ചത് ഇവിടെയാണ്. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്‌സിന്റെ സഹായത്തോടെ വിപുലീകരിച്ചവയാണ്.
വനത്താൽ ചുറ്റപ്പെട്ടതും ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. തൃശൂർ ജില്ലാ വിനോദ സഞ്ചാര വികസന കോർപറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദ സഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്.
അതിരപ്പിള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. അതിരപ്പള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ പ്രത്യേക അനുഭൂതിയാണ്. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികത.
വൺ ഡേ ടൂർ ആണെന്ന് പറഞ്ഞുറപ്പിച്ച് വന്നതിനാൽ നേരെ ചാലക്കുടി, തൃശൂർ, ഷൊർണ്ണൂർ, ചെർപ്പുളശേരി, അലനല്ലൂർ വഴി കരുവാരക്കുണ്ടിലേക്ക് രാത്രി പത്ത് മണിക്ക് തിരിച്ചെത്തി. പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലെ മാളുകൾ സന്ദർശിച്ച് സമയം പാഴാക്കുന്നതിലും നല്ലത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ സഹായകമായ ഇത്തരം യാത്രകൾ ആണെന്ന് നിസ്സംശയം പറയാം.