കാസര്‍കോട്- രണ്ട് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബി.എം.എസ് പ്രവര്‍ത്തകനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ ജെ.പി കോളനിയിലെ ഗോപാലകൃഷ്ണ-രാജീവി ദമ്പതികളുടെ മകനും ചുമട്ടുതൊഴിലാളിയുമായ ജ്യോതിഷിനെ(35)യാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ താഴെയിറക്കി ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍, ചൂരി ബട്ടംപാറയിലെ റിഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജ്യോതിഷ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന നടത്തിയതിനും ജ്യോതിഷിനെ പ്രതി ചേര്‍ത്തിരുന്നു.
സിനാന്‍, റിഷാദ് വധക്കേസുകളുടെ വിചാരണ ജില്ലാ കോടതിയില്‍ നടന്നെങ്കിലും തെളിവിന്റെ അഭാവത്തില്‍ ജ്യോതിഷിനെ വിട്ടയച്ചു. റിഷാദ് വധക്കേസില്‍ പ്രതിയെ വിട്ടതിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഭാര്യ; ആഷ. മക്കള്‍; യദുവീര്‍, വിദ്യുത്, അദ്വിക. സഹോദരങ്ങള്‍; അഭിലാഷ്, വൈശാഖ്. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.