കൊച്ചി-സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തില്ല. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായ സ്വപ്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം തേടുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത്. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇ.ഡി ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും സ്വപ്നക്ക് കാവല്‍ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത് ഇ.ഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തിരുന്നത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.
കേസന്വേഷണം അട്ടിമറിക്കാനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും ലക്ഷ്യമിട്ടു തയാറാക്കിയ സ്വപ്നയുടെ ശബ്ദസന്ദേശത്തിനു പിന്നില്‍ കേസിലെ പ്രതി ശിവശങ്കറാണെന്നു സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. കേസിലേക്കു മുഖ്യമന്ത്രിയുടെ പേരു വലിച്ചിഴച്ചതും ശിവശങ്കറാണെന്നാണു സ്വപ്നയുടെ ആരോപണം.
ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം കേസിലെ കൂട്ടുപ്രതിയായ സന്ദീപ് റെക്കോര്‍ഡ് ചെയ്ത സ്വപ്നയുടെ ആദ്യ ശബ്ദസന്ദേശത്തിലാണു സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി സ്വപ്ന വെല്ലുവിളി നടത്തിയിരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സ്വപ്ന നടത്തിയ ഈ പരാമര്‍ശത്തിനു പിന്നില്‍ ശിവശങ്കറാണെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതു വരെ ബെംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ നിര്‍ദേശിച്ചതും കേസന്വേഷണം എന്‍ഐഎക്കു കൈമാറാനുള്ള ചരടുവലി നടത്തിയതു ശിവശങ്കറാണെന്നു വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് അറിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.