റിയാദ് - ഇനിയും വിരലടയാളം രജിസ്റ്റർ ചെയ്യാത്ത വിദേശ തൊഴിലാളികളും ആറും അതിൽ കൂടുതലും പ്രായമുള്ള ആശ്രിതരും എത്രയും വേഗം ജവാസാത്ത് ഓഫീസുകളെ സമീപിച്ച് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വിരലടയാളം രജിസ്റ്റർ ചെയ്യുന്നതിന് ഒറിജിനൽ പാസ്‌പോർട്ടും ഹവിയ്യതുമുഖീമുമായും (ഇഖാമ) ജവാസാത്ത് ഓഫീസുകളെ സമീപിക്കണം. ഇഖാമ പുതുക്കൽ, റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് അടക്കമുള്ള ജവാസാത്ത് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിരലടയാളം രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇഖാമ നിയമം അനുശാസിക്കുന്ന നിയമ, നിർദേശങ്ങൾ മുഴുവൻ വിദേശികളും പാലിക്കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു.
വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്യാത്ത വിദേശികൾക്ക് ജവാസാത്ത് സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. വിദേശികളുടെ വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് എല്ലാ പ്രവിശ്യകളിലെയും ജവാസാത്ത് ഓഫീസുകളിൽ ജവാസാത്ത് ഡയറക്ടറേറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ വിരലടയാളം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിദേശികൾക്ക് ഉറപ്പുവരുത്താൻ കഴിയും.