മഞ്ചേരി-ഐ.എന്‍.എല്‍ അഖിലേന്ത്യ കമ്മിറ്റിയെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ എത്ര വമ്പന്‍മാരായാലും പാര്‍ട്ടിയില്‍ തുടരാനനുവദിക്കില്ലെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പുരാവസ്തു വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ പ്രസിഡന്റാണ് പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് പരമാധികാരി. സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ നേതൃത്വത്തിനൊപ്പമാണ്.മറിച്ചൊരു വാദം സംസ്ഥാന പ്രസിഡന്റിനുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടതു അദ്ദേഹം തന്നെയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ ചൂണ്ടിക്കാട്ടി.
അധികാരം ലഭിച്ച ശേഷമാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിനകത്ത് പടലപ്പിണക്കങ്ങള്‍ വര്‍ധിച്ചതെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.പാര്‍ട്ടിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വിഭാഗീയ പ്രവണതയുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അധികാരവുമായി വിഭാഗീയതക്ക് ബന്ധമില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും തര്‍ക്കങ്ങള്‍ക്കു കാരണമല്ല. അഖിലേന്ത്യാ കമ്മിറ്റിയെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നം.മുമ്പ് പി.എം.എ സലാമിനെ പാര്‍ട്ടി പുറത്താക്കിയിയിരുന്നു.അന്നും ദേശീയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. വ്യക്തികള്‍ മാറുന്നതിനനുസരിച്ച് പാര്‍ട്ടി ഭരണഘടന മാറില്ല.പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയെന്ന നിലയിലാണ് വിഷയങ്ങളില്‍ ഇടപെടുന്നത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയേക്കാള്‍ വലുതല്ല സംസ്ഥാന പ്രസിഡന്റ്.പാര്‍ട്ടിയുടെ അഖിലേന്ത്യാ കമ്മിറ്റി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനം എല്‍.ഡി.എഫിനെ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.