Sorry, you need to enable JavaScript to visit this website.

ആടും ഗവർണറും യൂനിഫോറവും

ഇല്ല; ഒന്നുമില്ല. ജനാലയിൽ ആരും കല്ലെറിഞ്ഞതല്ല. സ്റ്റീൽ ബോംബാകാൻ, ഇതു കണ്ണൂരല്ല, വെള്ളയമ്പലമാണ്. ഒടുവിൽ സ്ഥിരീകരിച്ചു; പ്രസിഡന്റിന്റെ ദിവാസ്വപ്‌നം തകർന്നതാണ്. ഏകദേശം ഉച്ചതിരിഞ്ഞു നടന്നതാണ് സംഭവം. വെള്ളയമ്പലം കടന്ന് രാജ്ഭവനിലേക്കു കുതിക്കുന്ന പിണറായിയുടെ കാറിന്റെ ഷോട്ട് വീണ്ടും ടി.വിയിൽ. കാമറപ്പയ്യന്മാർക്ക് മറ്റു പണിയൊന്നുമില്ല. കൃത്യം അതേ സമയത്താണ് ആ വെടിശബ്ദം കേട്ട് ഇന്ദിരാ ഭവനിനിൽ സുധാകര ഗുരു ഞെട്ടിയുണർന്നത്. 
ലോകായുക്ത സ്വപ്‌നവും തകർന്നിരിക്കുന്നു! 'ഗവർണർമാരെ വിശ്വസിക്കുന്നത്' എന്നു പഴഞ്ചൊല്ലുള്ളതായി രേഖയില്ല. പദവി 'ആംഗല'മായതിനാൽ 1947 ൽ തന്നെ അത്തരം രേഖകളും ഇംഗ്ലണ്ടിലേക്കു കടത്തിയിരിക്കാം. കേരള സംസ്ഥാനത്ത് ലൗഡ് സ്പീക്കർ ഇല്ലാതെ തന്നെ ഇത്രയധികം  ഒച്ചപ്പാടുണ്ടാക്കിയ ഗവർണർ വേറെ ഉണ്ടായിട്ടില്ല. ആദ്യമൊക്കെ ആ 'വചനാമൃതം' കേട്ടു ലോകായുക്തയെക്കുറിച്ചു ചിലരൊക്കെ ചില സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയതാണ്. ഗുരുവും പരികർമി സതീശനും മാത്രം കണ്ടാൽ മതിയെന്നായിരുന്നു തീരുമാനം. പക്ഷേ, ചെന്നിത്തല അടങ്ങുമോ? അദ്ദേഹം കരുണാകരൻ നിലത്തിറങ്ങിയ കാലംതൊട്ടേ സ്വപ്‌നം കണ്ടു ശീലിച്ചതാണ്. തന്റെ ലക്ഷ്യത്തിന് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ദൂരമുണ്ടെങ്കിലും അതിലൊരു നാഴികക്കല്ലായി ലോകായുക്തയെയും കണ്ടു. കിം ഫലം? എല്ലാം നിലത്തു വീണു. 'തവിടുപൊടിയായി' എന്നു പഴമക്കാർ പറയും. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടുവത്രേ! 
ഭരണഘടനയുടെ ഏതോ ഒരു 14 ാം വകുപ്പിന്റെ മര്യാദ  ഇടതു കൊച്ചേട്ടൻ സി.പി.ഐയിലെ പ്രകാശ് ബാബു പോലും പറഞ്ഞു വിരട്ടിയതാണ്. എല്ലാം 'ബധിര കർണങ്ങളി'ലായിപ്പോയി, ഇപ്പോഴാണ് തമിഴ്‌നാട് മുതലമൈച്ചരുടെ ചോദ്യം ഓർത്തു പോകുന്നത്- ആടിനു താടിയും സംസ്ഥാനത്തുക്ക് ഗവർണറും ഏതുക്ക്? അതോ, എതുക്കെന്ന് ഇന്ദിരാഭവൻ അന്തേവാസികളും ഒന്നടങ്കം ചോദിക്കുന്നു.

****                        ****                   ****
എൻ.സി.പി ഒരു ചെറിയ പാർട്ടിയല്ല എന്നാരും പറഞ്ഞിട്ടില്ല. പക്ഷേ, അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയുകയുള്ളൂ. ദൽഹിയിൽ ഒരു കസേരയും ഒഴിവില്ലാത്ത സന്നിഗ്ധഘട്ടത്തിൽ അതിവിദഗ്ധമായാണ് പി.സി. ചാക്കോ 'മാഡം കോൺഗ്രസി'ൽനിന്നു പുറത്തു ചാടിയത്. മാജിക്കുകാർ അതിനെ 'റോപ്ട്രിക്' എന്നു വിളിക്കും. എന്നിട്ടു ജന്മദേശമായ കാഞ്ഞിരപ്പള്ളിയിലല്ല പൊങ്ങിയത്, തൃശൂരിൽ. അതു മിനിമം ജന്മാവകാശം. വനവും വന്യജീവി സംരക്ഷണവും വകുപ്പുകൾ നോക്കിയിരിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ കൂടെയായി ചങ്ങാത്തം. വെറുതെ വെടിയിറച്ചി കിട്ടുന്ന കാലവും പ്രായവുമല്ല. സർവത്ര അസ്വസ്ഥത. കാരണം അങ്ങട് തിരിയുന്നുമില്ല. പണ്ട് നായനാർ സർക്കാരിൽ വ്യവസായ മന്ത്രി ആയിരന്നതിന്റെ മധുര സ്മരണകൾ മാത്രമാണ് ബാക്കിപത്രം. 2008-2009 ലെ 2 ജി സ്‌പെക്ട്രം അന്വേഷണത്തിനുള്ള പാർലമെന്റ് സമിതി ചെയർമാനയതുകൊണ്ട് സ്വയം ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കാനായി. റിപ്പോർട്ടിൽ മായം ചേർത്തുവെന്നാരോപിച്ച് ഭരണകക്ഷി അന്നു വധം തുടങ്ങിയതാണ്. തലച്ചോറുള്ളതിനാൽ അന്നു തല രക്ഷിക്കാൻ കഴിഞ്ഞു. പിന്നീടാണ് കോൺഗ്രസ് വക്താവിന്റെ പദവി. നായയുടെ വാലു പോലുള്ള സംഗതി. സ്വയം ഈച്ചയെ ആട്ടാൻ പോലും കൊള്ളില്ല. 'മാഡം ഫാമിലി'യുടെ മുന്നിൽ പ്രയോഗിക്കുവാൻ കൊള്ളാം. ഇനി ഒരു പരീക്ഷണവും ഈ ശരീരം താങ്ങുകില്ലെന്നു തോന്നിയപ്പോൾ നാട്ടിലെത്തി. പവാർജിയുടെ പിന്തുണ കൂടി അടിച്ചെടുത്ത് ചെറിയൊരു പാർട്ടി പ്രസിഡന്റായി. പക്ഷേ, 'എന്തോ ഏതോ ഏങ്ങനെയോ' എന്ന സിനിമാപ്പാട്ടിന്റെ പല്ലവി പോലെ എപ്പോഴും അസ്വസ്ഥത തന്നെ. കേരളത്തിൽ അങ്ങോളമിങ്ങോളം വലയിട്ടും ഒറ്റാൽ വെച്ചും ഭൂതക്കണ്ണാടിയിലൂടെയും നോക്കിയിട്ടും സീറ്റൊന്നും കാണ്മാനില്ല. പോയി കിടന്നുറങ്ങാനുള്ള ഒരുക്കത്തിനിടയിൽ ഒരു നേർത്ത പ്രകാശരേഖ കണ്ടു- സിൽവർ ലൈൻ എന്നു പറഞ്ഞാൽ മറ്റേ റെയിൽ പാളമാണെന്നു തെറ്റിദ്ധരിക്കും- അതിനാൽ ഇംഗ്ലീഷ് ഒഴിവാക്കുക തന്നെ- പി.എസ്.സിയിൽ ഒരു സീറ്റ്. ഓകെ, എല്ലാവരും കൈയടിച്ചു പിരിഞ്ഞു. പക്ഷേ, വല്യേട്ടൻ കണ്ട ഭാവമില്ല. കാറ്റു പിടിച്ച കല്ല് പോലെയാണ് കക്ഷി. മറ്റെന്തും സഹിക്കും, ചാക്കോച്ചൻ അവഗണന മാത്രം സഹിക്കില്ല. സംശയമുളളവർക്ക് ദൽഹിയിൽ ചെന്ന് മാഡത്തിനോടോ മക്കളോടോ ചോദിക്കാം. ഇനി സംഭവ ബഹുലമായ 'ചാക്കോ യാത്ര' എങ്ങോട്ടാണെന്ന് പലരും ഉറ്റും ഗണിച്ചും നോക്കുന്നുണ്ട്. പി.എസ്.സി മെമ്പർ സ്ഥാനമായിരിക്കും അടുത്ത യാത്രാ സൂചിക.
****                        ****                      ****


മഹാത്മജിയായിരുന്നു ഇതുവരെ ലക്ഷ്യം. തെരഞ്ഞെടുപ്പല്ലേ, രാഷ്ട്രപിതാവിന്റെ കഴുത്തിൽനിന്നു പിടിവിട്ട് പ്രധാൻമന്ത്രിജി 'നെഹ്‌റു വധ'ത്തിലേക്കു തിരിയുന്നതാണ് രാജ്യസഭയിൽ കണ്ടത്. തെരഞ്ഞെടുപ്പു കാലമാണ്. ഗോവ പിടിച്ചടക്കാൻ വൈകിയത് നെഹ്‌റുവിന്റെ കുറ്റമായിരുന്നു. അദ്ദേഹം വിദേശങ്ങളിൽ സ്വന്തം മുഖം മാത്രം മിനുക്കുകയായിരുന്നു. മജ്‌റൂഹ് സുൽത്താൻപുരി എന്ന കവിയോടു വിമർശനത്തിന്റെ പേരിൽ ശത്രുത കാട്ടി എന്നൊരു കുടുംകൈ കൂടിയുണ്ട്. കിഷോർ കുമാറിന്റെ പാട്ട് ആകാശവാണിയിൽ നിരോധിച്ചത് ഇന്ദിരാഗാന്ധി. രാജ്യസഭയിലെ പ്രസംഗം നീണ്ടുനീണ്ടു പോയി. ഉന്നത സഭയായതിനാൽ ബഹളമാണോ ഉറക്കമാണോ മെച്ചമെന്ന 'കൺഫ്യൂഷനി'ലായ മെമ്പറന്മാർ ഉച്ച ഭക്ഷണ സമയം വരെ സംയമനം പാലിച്ചു. ഒരു കുടുംബ വാഴ്ചയാണ് സർവ ഗുലുമാലുകൾക്കും കാരണം. പക്ഷേ മുമ്പൊരിക്കലും കേൾക്കാത്ത 'ഹിജാബ്' പ്രശ്‌നം' പ്രധാൻമന്ത്രിജി അറിഞ്ഞ മട്ടില്ല. ഉടുപ്പിയിൽ സ്വാതന്ത്ര്യ ശേഷമുള്ള നാലും അഞ്ചും തലമുറകൾ ഏറ്റുമുട്ടി. 
1960 കളിൽ കേരളത്തിലെ മദ്യനിരോധ പ്രസ്ഥാനത്തിന്റെ ഒരു മുൻനിര നേതാവ് തലസ്ഥാനത്തെ മഹാത്മാഗാന്ധി കോളേജിൽ പ്രിൻസിപ്പലായി വാണിരുന്നു. പെൺകുട്ടികൾക്ക് അക്കാലത്ത് 'യൂനിഫോം' ഏർപ്പെടുത്തി- വെള്ള ബ്ലൗസും ഹാഫ് സാരിയും പച്ച പാവാടയും. ഒറ്റ നോട്ടത്തിലെങ്കിലും സമത്വം തോന്നിക്കുന്ന കാഴ്ച. മതന്യൂനപക്ഷത്തിലെ കുട്ടികൾ തലയ്ക്കു മീതെ അന്നു പ്രത്യേക നാമകരണമൊന്നുമില്ലാത്ത വെളുത്തതോ, അപൂർവം കറുത്തതോ ആയ തുണി ചൂടിപ്പോന്നു. ഒരാളും അതിനെതിരെ 'കമാ'ന്നൊരക്ഷരം മിണ്ടിയിട്ടില്ല. കർണാടകയിലെ കോളേജിലെ ഇന്നത്തെ ആ രോഗം പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുമോ എന്ന ശങ്ക ഇപ്പോൾ പലർക്കുമുണ്ട്.
ഇതിനിടയിൽ പ്രിയങ്കാജി ആവേശപൂർവം ഒരു കമന്റ് പാസാക്കി. പെൺകുട്ടികൾ ഹിജാബ്, ഗുൻഗട്ട്, ജീൻസ്, ബിക്കിനി എന്നിവയിൽ ഏതു ധരിക്കണമെന്നു തീരുമാനിക്കാൻ അവർക്ക് അവകാശമുണ്ട്.
ഇലക്ഷൻ കാലമല്ലേ, കൈയടി ധാരാളം കിട്ടിയിരിക്കും. പക്ഷേ രോഗ പ്രതിരോധത്തിനു കൈയടി മാത്രം പോരാ. വാക്കുകൾ കേട്ടവർ ആദ്യം അത് 'പ്രിയങ്കാ ചോപ്ര'യാണ് പറഞ്ഞതെന്നു ധരിച്ചാൽ അവരെ കുറ്റപ്പെടുത്തരുത്. ആരാണിവരിൽ മികച്ച നടി?
 

Latest News