എടപ്പാൾ - വീട്ടിലെ വളർത്തുനായ ബ്രൂണോയുടെ അവസരോചിത ഇടപെടൽ കള്ളന് വിനയായി. എടപ്പാൾ വട്ടംകുളം കാന്തള്ളൂർ നെല്ലേക്കാട്ട് താമരപ്പിള്ളി സുരേന്ദ്രന്റെ വീട്ടിലെ വളർത്തു നായയാണ് മോഷ്ടാവിനെ തുരത്തിയോടിച്ച് ഹീറോയായത്. സുരേന്ദ്രൻ വിദേശത്ത് ആയതിനാൽ ഭാര്യ സിന്ധുവും, രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനോട് ചേർന്നുള്ള പഴയ വീട്ടിൽ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ച് അടുക്കള ഭാഗത്തെ ഗ്രില്ല് കുത്തിത്തുറന്ന് വാതിലും തകർത്ത് മോഷ്ടാവ് അകത്തു കടന്നു. വീടിനകത്ത് കാൽപെരുമാറ്റം കേട്ട് അകത്ത് കിടന്നിരുന്ന ബ്രൂണോ കുരച്ച് എത്തി. ഇതോടെ മോഷ്ടാവ് കടന്നു കളഞ്ഞു. സിന്ധുവിന്റെ പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.