Sorry, you need to enable JavaScript to visit this website.

ഐ.എന്‍.എല്‍ സംസ്ഥാന കമ്മറ്റിയെ ദേശീയ നേതൃത്വം പിരിച്ചു വിട്ടു

കോഴിക്കോട്- പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടയില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മറ്റിയെ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം പിരിച്ചു വിട്ടു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് , സംസ്ഥാന പ്രവര്‍ത്തക സമിതി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിടാനാണ് തീരുമാനമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരം ഓണ്‍ലൈനിലാണ് അടിയന്തിര നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്. പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറാണ് ദേശീയ നിര്‍വ്വാഹക സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റിയെ പിരിച്ചു വിടാന്‍ ദേശീയ നിര്‍വാഹക സമിതിക്ക് അധികാരമില്ലെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി.അബ്ദുള്‍ വഹാബ് മലയാളം ന്യൂസിനോട് പറഞ്ഞു. അദ്ദേഹം ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

2022 മാര്‍ച്ച് 31 ന് മുമ്പായി സംസ്ഥാന പ്രവര്‍ത്തക സമിതി ചുമതലയേല്‍ക്കുന്ന വിധം അംഗത്വ ക്യാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി ഏഴംഗ അഡ്‌ഹോക് കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.എസ്.ഫക്രുദ്ദീന്‍, അഖിലേന്ത്യാ ട്രഷറര്‍ ഡോ. എ.എ.അമീന്‍, നിലവില്‍ സംസ്ഥാന പ്രസിഡന്റായ പ്രൊഫ. എ.പി.അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി.ഹംസഹാജി, വൈസ് പ്രസിഡന്റ് എം.എം.മാഹിന്‍ എന്നിവരാണ് അഡ്‌ഹോക്ക് കമ്മറ്റി അംഗങ്ങള്‍.

കഴിഞ്ഞ കുറച്ചുകാലമായി ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി.അബ്ദുള്‍ വഹാബിന്റെയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പരസ്യമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാരുടെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ നിലപാടുകളെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോള്‍ ദേശീയ നിര്‍വ്വാഹക സമിതിയോഗം കൈക്കൊണ്ടത്.
ഇടതുമുന്നണി ഘടകകക്ഷിയായ ഐ.എന്‍.എല്ലിലെ തര്‍ക്കത്തെത്തുടന്ന് പാര്‍ട്ടിക്ക് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ള പദവികള്‍ നല്‍കുന്നതില്‍ സി.പി.എം തീരുമാനമെടുത്തിരുന്നില്ല. തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷം മാത്രം തീരുമാനം മതിയെന്നായിരുന്നു സി.പി.എം നിലപാട്.

 

Latest News