കൊച്ചി- കലൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന യുവാക്കള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയത് വീര്യം കൂടിയ എല്‍ .എസ് .ഡി മയക്കുമരുന്ന്. മൂന്നു വിദ്യാര്‍ഥിനികളും ലൈംഗിക പീഡനത്തിനിരയായതായി പോലീസ് കരുതുന്നു. എന്നാല്‍ ഒരു കുട്ടി മാത്രമാണ് പീഡനം നടന്നതായി സമ്മതിച്ചത്. മറ്റു കുട്ടികളെ കൗണ്‍സലിംഗിന് വിധേയരാക്കാനാണ് പോലീസ് തീരുമാനം. രക്ഷിതാക്കളുടെ അനുവാദം കിട്ടാത്തതിനാല്‍ കൂട്ടികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്താനും സാധിച്ചിട്ടില്ല.
കൃത്രിമരാസസംയുക്തമാണ് ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് അഥവാ എല്‍.എസ്.ഡി. തലച്ചോറിലെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ള ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ യഥാര്‍ത്ഥമല്ലാത്ത കാഴ്ച്ചകള്‍ കാണുകയും സാങ്കല്‍പിക ലോകത്ത് സ്വച്ഛസഞ്ചാരം നടത്തുകയും ചെയ്യും. കാറിനുള്ളില്‍ നിന്ന് എല്‍ എസ് ഡിയും കഞ്ചാവും പിടിച്ചെടുത്തിരുന്നു. യുവാക്കള്‍ കഞ്ചാവ് വലിക്കുകയും പെണ്‍കുട്ടികള്‍ക്ക് എല്‍ എസ് ഡി നല്‍കുകയുമാണ് ചെയ്തിരുന്നത്. അടച്ചിട്ട എ. സി കാറിലിരുന്ന് പ്രതികള്‍ കഞ്ചാവ് വലിച്ച് വിടുന്ന പുക ശ്വസിക്കുന്നതും ലഹരി സൃഷ്ടിക്കുമെന്ന് പോലീസ് പറയുന്നു.
ലൈംഗീക പീഡനത്തിനിരയായതായി തെളിഞ്ഞ പെണ്‍കുട്ടിയും പ്രതികളിലൊരാളും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇവര്‍ ബ്രേക്കപ്പായെങ്കിലും സൗഹൃദം തുടര്‍ന്നു. ഈ സൗഹൃദവലയത്തിലേക്ക് രണ്ടു പെണ്‍കുട്ടികള്‍ കൂടി എത്തുകയായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന മകള്‍ കഴിഞ്ഞ ആറുമാസമായി പഠനത്തില്‍ പിന്നോക്കം പോകുകയും സ്വഭാവ വൈചിത്ര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി പീഡനം നടന്നുവെന്ന് സമ്മതിച്ച പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. പോലീസ് തുടക്കത്തില്‍ ചോദ്യം ചെയ്തുപ്പോഴൊന്നും പീഡനം നടന്നതായോ മയക്കുമരുന്ന് ഉപയോഗിച്ചതായോ മൂന്നു വിദ്യാര്‍ഥിനികളും സമ്മതിച്ചിരുന്നില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് നടന്ന കാര്യങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നത്. രണ്ടു പ്രതികളും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.
മയക്കുമരുന്നിന്റെ കാരിയേഴ്‌സ് ആയി ഉപയോഗിക്കാനാണ് പ്രതികള്‍ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനികളെ വശത്താക്കിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതികള്‍ കഞ്ചാവ് കേസുകളില്‍ പ്രതിയായവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ്. ഇവര്‍ ഒരു റാക്കറ്റിന്റെ ഭാഗമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് ശൃംഖലയിലുള്ള മറ്റുള്ളവര്‍ക്ക്് വേണ്ടി പോലീസ് അന്വേഷണം നടത്തുകയാണ്. കലൂരില്‍ വെച്ച് മരണപ്പാച്ചില്‍ നടത്തുന്നതിനിടെ കാര്‍ അപകടത്തില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ പെണ്‍കുട്ടികള്‍ ഈ റാക്കറ്റിന്റെ ഭാഗമായി മാറുകയും കൂടുതല്‍ പെണ്‍കുട്ടികളെ ഇവര്‍ വലയിലാക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രതികളായ തൃപ്പൂണിത്തുറ അരഞ്ഞാണിയില്‍ വീട്ടില്‍ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയില്‍ വീട്ടില്‍ സോണി (25) എന്നിവരെ എറണാകുളം നോര്‍ത്ത് പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരേ നേരത്തെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. അപകടത്തിനിടയാക്കിയ കാറില്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നതിനാല്‍ സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു വിദ്യാര്‍ഥികള്‍ കാറിലുണ്ടായിരുന്നതായി തിരിച്ചറിഞ്ഞത്. ഇവരെ അപകടശേഷം നിര്‍ത്താതെ പാഞ്ഞ കാറില്‍നിന്ന് പിന്നീട് ഇറക്കിവിടുകയായിരുന്നു എന്നും വ്യക്തമായി. വിദ്യാര്‍ഥിനിക്കെതിരെ പീഡനം നടന്നതായി തെളിഞ്ഞതോടെ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.