സന്‍ആ- തെക്കന്‍ യെമനില്‍ അഞ്ച് യു.എന്‍ പ്രവര്‍ത്തകരെ അല്‍-ഖാഇദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി യെമന്‍ അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെ തെക്കന്‍ പ്രവിശ്യയായ അബ്യാനില്‍ നിന്ന് ഇവരെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് യെമനികളും ഒരു വിദേശിയും ഉള്‍പ്പെടുന്നു.
തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള ചോദ്യത്തിന് ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് കൃത്യമായ മറുപടി നല്‍കിയില്ല. സംഭവം ശ്രദ്ധയില്‍പെട്ടതായി അദ്ദേഹം പറഞ്ഞു.
ഇവരുടെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഗോത്രനേതാക്കള്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യവും സര്‍ക്കാര്‍ തടവിലാക്കിയ ചില തീവ്രവാദികളെ മോചിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നതായി അവര്‍ പറഞ്ഞു.