Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അലസിപ്പോയ ആഹ്ലാദം

1994 ജൂണിലാണ് ദൂരദർശനിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി എനിക്ക് പ്രമോഷൻ കിട്ടുന്നത്. ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളിയായിരുന്നതിനാൽ മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ വാർത്ത ഒന്നാം പേജിൽ ഫോട്ടോ അടക്കം തന്നെ കൊടുത്തിരുന്നു. അക്കൊല്ലം ആദ്യം തന്നെ ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ കമ്മിറ്റി ഞങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും രണ്ട് കൊല്ലം ജൂനിയറായിരുന്ന ഒരു സഹപ്രവർത്തക എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ്  ട്രിബ്യൂണലിൽ പ്രമോഷന് തന്നെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു കേസ് ഫയൽ ചെയ്യുകയും ട്രിബ്യൂണൽ പ്രാമോഷൻ താൽക്കാലികമായി സ്റ്റേ ചെയ്യുകയും  പിന്നീട് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ നീക്കുകയും ചെയ്തു. ആറ് മാസത്തോളം പ്രമോഷൻ നീണ്ടു. നിയമനം പത്രങ്ങളിൽ വന്നതോടെ കേരളത്തിൽ നിന്ന് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചു. മുഖ്യമന്ത്രി കരുണാകരനും മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുമടക്കം ഏകദേശം നൂറോളം പേർ കമ്പിസന്ദേശങ്ങളും ദൂരദർശനിലെ ഒട്ടേറെ സഹപ്രവർത്തകരും അജ്ഞാതരും പരിചിതരുമായ സുഹൃത്തുക്കളും കത്തുകളയച്ചിരുന്നു (കത്തുകളും കമ്പിസന്ദേശങ്ങളും  ഭാര്യ രാഗിണി സൂക്ഷിച്ചുവെച്ചിരുന്നത് ഈയിടെ വീണ്ടും വായിക്കാനിടയായി. ദൂരദർശനിലെ ക്യാമറാമാൻ  നാരായണറാവുവും പ്രൊഡ്യൂസർ ജോൺ സാമുവലും എഴുതിയ കത്തുകൾ ഹൃദയസ്പർശിയായിരുന്നു). മദിരാശിയിൽ നിന്നും ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവർത്തകരും അഭിനന്ദിച്ചെഴുതി. 
പ്രാമോഷൻ കിട്ടിയ ഉടനെ എനിക്ക് നൽകിയ ചുമതല ഡയറക്ടർ ജനറൽ ബാസുവിന്റെ സ്‌പെഷ്യൽ ഓഫീസർ ആയിട്ടായിരുന്നു. കൂടാതെ ഡൽഹി ദൂരദർശൻ കേന്ദ്രത്തിന്റെ മേൽനോട്ടവും. ബാസു മന്ത്രികാര്യാലയത്തിൽ അഡീഷണൽ സെക്രട്ടറി കൂടിയായതിനാൽ മുഴുവൻ സമയവും ദൂരദർശൻ ഡയറക്ടർ ജനറലായിരുന്നില്ല. അതിനാൽ സഹായിക്കാൻ വേണ്ടത്ര മുതിർന്ന സ്ഥാനത്തുളള, ടെലിവിഷനെപ്പറ്റി അറിയുന്ന വിശ്വസ്തനെ വേണം. അദ്ദേഹത്തിന്റെ തീരുമാനത്തിന് വരുന്ന എല്ലാ ഫയലുകളും പഠിക്കുകയും തീരുമാനമെടുക്കുന്നതിനുളള നോട്ടുകളെഴുതുകയും വേണം; എല്ലാ തപാലും നോക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് അടയാളപ്പെടുത്തി അയക്കണം; താൻ നേരിട്ട് പത്ത് ഫയലുകളും അത്രയും തപാലും (അതീവ രഹസ്യമായിരുന്നവ ഉൾപ്പെടെ) മാത്രമേ നോക്കുകയുളളുവെന്ന് അദ്ദേഹം നിർദ്ദേശം തന്നു. 
അദ്ദേഹത്തിന്റെ സന്ദർശകരുടെ സമയം തീരുമാനിക്കണം. അതൊരു മുൾക്കിരീടമായിരുന്നു. ചുവപ്പുനാടയുടെ കെട്ടുകൾ ലഘൂകരിച്ച്  കൂടുതൽ ക്രിയാത്മകമായ ചർച്ചകളും യോഗങ്ങളും സന്ദർശകരുമായുളള കൂടിക്കാഴ്ചകളും നടത്തി ആ സമയം ദൂരദർശൻ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നായിരുന്നു അദ്ദേഹം തീരുമാനിച്ചത്. എന്നെക്കാൾ സീനിയറായ ഉദ്യോഗസ്ഥന്മാരുടെ ഫയലുകളിൽ ഞാൻ തീരുമാനമെടുക്കാൻ ശുപാർശ നടത്തുന്നത് സ്വാഭാവികമായും അത്ര സുഖകരമായിരുന്നില്ല. മാത്രമല്ല, മന്ത്രികാര്യാലയത്തിലെ ജോലികൾ കഴിഞ്ഞ് അദ്ദേഹം മണ്ഡിഹൗസിലെത്തുന്ന സമയം കൃത്യമായിരുന്നില്ല താനും.
ദൂരദർശന്റെ എക്കാലത്തെയും മികച്ച ഡയറക്ടർ ജനറലായിരുന്ന ഭാസ്‌കർഘോഷ് ആയിരുന്നു വാർത്താവിതരണ പ്രക്ഷേപണ മന്ത്രികാര്യാലയത്തിന്റെ സെക്രട്ടറി, 1993-95 കാലത്ത്. ദൂരദർശന് ഒരു പുതിയ, ബൗദ്ധികമായ ഉളളടക്കമുളള മദ്ധ്യവർത്തി-ഉന്നത സമൂഹങ്ങളിലെ പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരു ചാനൽ വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. മന്ത്രി സിംഗ്‌ദേവ് അദ്ദേഹത്തിന് പരസ്യമായി പിന്തുണ നൽകി: ദൂരദർശനെ ഒരു ചാനലിൽ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിച്ച് സ്വയംഭരണം നൽകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. 
ദേശീയ ചാനൽ (ഡിഡി1) സാധാരണക്കാർക്ക് വിജ്ഞാനവും വിനോദവും നല്കുന്നതാണ്. പുതുതായി തുടങ്ങിയ ദൂരദർശൻ 2 (മെട്രോ ചാനൽ) വിനോദപ്രധാനമാണ്, തീർത്തും വിനോദം മാത്രം ഉളളടക്കമായുളള ഉപഗ്രഹചാനലുകളുയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ലക്ഷ്യമാക്കിയുളളത്. അത് അക്കാലത്ത് കേബിൾ ശൃംഖലയിൽ മാത്രം ലഭ്യം. നഗരങ്ങളിലെ വിദേശ ഉപഗ്രഹചാനലുകൾ കാണുന്ന പ്രേക്ഷകർക്ക് തൃപ്തി നൽകുന്ന, മസ്തിഷ്‌ക്കത്തിന് 'ഊർജ്ജം നൽകുന്ന' ചാനലായായിരുന്നു പുതിയ ചാനൽ വിഭാവനം ചെയ്തിരുന്നത്.സർക്കാരിന്റെ ജിഹ്വയായല്ലാതെ, തുറന്ന സംവാദങ്ങൾക്കും ചർച്ചകൾക്കും വേദിയൊരുക്കുക,അന്തർദ്ദേശീയ തലത്തിലുളള ഉളളടക്കം ഉൾപ്പെടുത്തുക, കലകൾ, നൃത്തം, സംഗീതം തുടങ്ങിയ ഭാരതീയസംസ്‌കാരത്തിന്റെ നാനാത്വം പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ ഉൾക്കൊളളിക്കുക എന്നിങ്ങനെ ഉദാത്തമായ ലക്ഷ്യങ്ങളായിരുന്നു ദൂർദർശൻ-3 എന്ന ചാനലിന്. അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ മറ്റൊരാളുടെ ചുമതലയിൽ തുടങ്ങിക്കഴിഞ്ഞിരുന്നു.. ഡയറക്ടർ ജനറലിന്റെ പ്രത്യേകസഹായിയായി ഞാൻ പ്രവർത്തിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞു. പുതിയ ചുമതലയുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി. ഡയറക്ടർ ജനറലിന്റെ ഔദ്യോഗികമായ വിശ്വസ്തൻ എന്ന സ്ഥാനം അത്ര മോശമല്ലെന്ന് തോന്നിത്തുടങ്ങിയിരുന്നു. പെട്ടെന്നൊരു ദിവസം ബാസു എന്നോട് പറഞ്ഞു, ''എന്റെ ഭാരം കുറഞ്ഞുവെന്ന ആശ്വാസവും സന്തോഷവും അവസാനിക്കുകയാണ്. താങ്കൾക്ക് ഡിഡി3യുടെ ചുമതല നൽകണമെന്ന് സെക്രട്ടറി ഭാസ്‌കർഘോഷ് നിഷ്‌ക്കർഷിക്കുന്നു. ഇന്നുതന്നെ പുതിയ ചുമതല ഏറ്റെടുക്കണം. ഉടനെ അദ്ദേഹത്തെ ചെന്ന് കാണുക.  ' ചാനലിനെക്കുറിച്ച് തന്റെ മനസ്സിലുളള പദ്ധതികളെല്ലാം ഭാസ്‌കർഘോഷ് എന്നോട് പങ്കുവച്ചു. എല്ലാ തിങ്കളാഴ്ചകളിലും ചാനലിന്റെ പുരോഗതി ചർച്ച ചെയ്യാൻ ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു മീറ്റിംഗ് നടക്കും; ബാസുവിനും എനിക്കും പുറമെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ രണ്ടോ മൂന്നോ പേരെ കൂടി മന്ത്രാലയത്തിൽ നിന്നും ദൂരദർശനിൽനിന്നും വിളിക്കാം. ഉച്ചഭക്ഷണം മീറ്റിംഗിന്റെ ഭാഗമായിരിക്കും. യാത്രകളെല്ലാം ഈ തിങ്കളാഴ്ചകളിൽ ഒഴിവാക്കണം. ഓരോ ആഴ്ചയും ഓരോരുത്തരും തീരുമാനങ്ങളിലെടുത്ത തുടർനടപടികൾ വിശദീകരിക്കണം. പുതുതായി എന്താണ് ചെയ്യേണ്ടതെന്ന ആശയങ്ങൾ അവതരിപ്പിക്കണം തൊട്ടടുത്തയാഴ്ചത്തെ മാറ്റിംഗിൽ പുതിയ ചാനലിന്റെ പരിപാടികളുടെ പട്ടിക (ഫിക്‌സഡ് പോയിന്റ് ചാർട്ട് എന്ന് ഞങ്ങൾ പറയുന്നു) തയ്യാറാക്കിക്കൊണ്ടു പോകണം: താൻ വിശദീകരിച്ചവയ്ക്ക് പുറമെ എന്റെ ഭാവനയും അതിൽ പ്രതിഫലിക്കണം. ഇതുവരെ ചെയ്ത പ്രവർത്തനങ്ങളും പൂർണ്ണമായി ഉൾക്കൊളളണം. ഡൽഹി, ബോംബെ, കൽക്കത്ത, മദിരാശി എന്നീ നഗരങ്ങളിൽ ഭൂതലസംപ്രേഷണവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉപഗ്രഹസംപ്രേഷണവുമാണ് ഉദ്ദേശിക്കുന്നത്. വിജ്ഞാൻ ഭവനിൽ പുതിയ സ്റ്റുഡിയോ തയ്യാറാവുന്നുണ്ട്. ഓഫീസ് മുറികളുമുണ്ട്. ഏതാനും ഉദ്യോഗസ്ഥന്മാർ അവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികരംഗത്ത് ഏറ്റവും നൂതനത്വം വേണം. അതിന് വേണ്ട കാര്യങ്ങൾ വിദഗ്ധരുമായി ചർച്ചചെയത് ഉടനെ വാങ്ങണം. വിജ്ഞാൻ ഭവൻ അതീവ സുരക്ഷാമേഖലയാണ്. അവിടെ പ്രവേശിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പാസ് വേണം.
ചാനലിന്റെ പുതിയ ലോഗോവിന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരഞ്ജന സത്വാലേക്കർ ആണ് അതിന് മേൽനോട്ടം വഹിക്കുന്നത്. അഹമ്മദാബാദിൽ ഉടനെ പോകണം; ലോഗോവിന്റെ കാര്യത്തിൽ തീരുമാനമെടുക്കണം. അതിന്റെ പശ്ചാത്തലസംഗീതത്തിനുളള ഏർപ്പാടുകൾ ചെയ്യണം. അമേരിക്കയിലെ എ.ബി.സിയുടെ വാർത്താബുളളറ്റിനുകൾ നേരിട്ട് ഇന്ത്യയിൽ സംപ്രേഷണം ചെയ്യാനുളള പ്രാരംഭ  സമ്പർക്കം നടന്നുകഴിഞ്ഞു. അതുപോലെ ആഗോള പുരസ്‌കാരങ്ങൾ നേടിയ സിനിമകളും വേണം. സമകാലീന വിഷയങ്ങളെക്കുറിച്ചും പത്രവാർത്തകളെ അപഗ്രഥിക്കുന്നവയുമായ പരിപാടികൾ തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. അവയുടെ പൈലട്ടുകൾ കാണണം. വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കണം. പ്രേക്ഷകരെ പ്രകോപിപ്പിക്കുന്നതും ഉദ്ദീപിപ്പിക്കുന്നതും അപഗ്രഥനാത്മകവുമായിരിക്കണം ചാനലിന്റെ ഉളളടക്കം. അതേ സമയം അത് ബിബിസിയുടെ ഒരു 'ക്ലോൺ' ആവരുത്. വിദേശനാണയത്തിൽ പണം നൽകാൻ ഉടനെ ഒരു ലെറ്റർ ഓഫ് ക്രെഡിറ്റി (ഘഛഇ) ക്ക് വേണ്ട കാര്യങ്ങൾ ചെയ്യണം. അതിന് ഫിനാൻസ് വിഭാഗത്തിൽ നിന്ന് വേണ്ട കാര്യങ്ങൾ ചെയ്യിക്കണം. ഇത്രയും കേട്ടപ്പോൾ ഫിക്‌സഡ് പോയിന്റ് ചാർട്ട് തയ്യാറാക്കാൻ ഒരാഴ്ച പോരെന്ന് ഞാൻ അദ്ദേഹത്തെ ബോധിപ്പിച്ചു. ഒരാഴ്ചകൂടി മടിയോടെ നീട്ടിത്തന്നു. ചാനലിന്റെ രുചി, കാപ്പിയുടെ രുചിയും മണവും പോലെ ചാർട്ടിൽ പ്രതിഫലിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്.
എനിക്ക് വളരെ സന്തേഷവും ആവേശവും തോന്നി. വലിയൊരു വെല്ലുവിളിയായിരുന്നു ചുമതല. ആത്മാർപ്പണത്തോടെയും ആഹ്ലാദത്തോടെയും ഞാൻ ദൂരദർശനിൽ സ്വപ്‌നസമാനമായ ഒരു ചാനലിന്റെ ആവിഷ്‌ക്കാരത്തിനായി ജോലി ചെയ്തു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ തുടക്കത്തിൽ ചെയ്തതുപോലെ കഠിനമായ, നിത്യേന നീണ്ട മണിക്കൂറുകളുടെ ജോലി. അത്രയും സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയും. ദൂരദർശനിൽ ഒരിക്കലും ജോലി ചെയ്തിട്ടില്ല. മറ്റേത് ചുമതലയെക്കാളും മനസ്സ് നിറഞ്ഞ പ്രതീതിയായിരുന്നു ആ ജോലി അത്രയും തിരക്കിട്ട് ചെയ്തത്. സഹായിക്കാൻ മിടുക്കരായ രണ്ട് സഹപ്രവർത്തകരുണ്ടായിരുന്നു. ഇ.എസ്.ഐസക്, ബ്രിജ് ബക്ഷി. മറ്റ് ചാനലുകളിൽ വിനോദം പകരുന്ന സ്‌പോൺസേർഡ് പരമ്പരകൾക്കായിരുന്നു പ്രാമുഖ്യമെങ്കിൽ, ഡിഡി 3യിൽ ദൂരദർശൻ തന്നെ പണം കൊടുത്ത് നിർമ്മിക്കുന്ന അഥവാ കമ്മീഷൻ ചെയ്യുന്ന പരിപാടികളായിരുന്നു. ദൂരദർശൻ പണം നല്കി നിർമിക്കുന്ന പരിപാടികൾ എപ്പോഴും കുറ്റാരോപണങ്ങളിൽ കുടുങ്ങുന്നവയാണ്. ഉദ്യോഗസ്ഥരായിരിക്കും കുറ്റഭാരം ചുമക്കേണ്ടവർ. ഇതൊഴിവാക്കാൻ,അനേകം അപേക്ഷകളിൽ നിന്ന് ഏറ്റവും നല്ലവ നിഷ്പക്ഷമായി തെരഞ്ഞെടുക്കാൻ യാതൊരു സ്ഥാപിത താല്പര്യങ്ങളുമില്ലാത്ത അതിപ്രഗത്ഭരായ ഒരു ഉപദേശകസമിതിയുണ്ടായിരുന്നു: ഗോപി അറോറ (വാർത്താവിതരണ പ്രക്ഷേപണ മന്ത്രികാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും രാജീവ് ഗാന്ധിയുടെ അടുത്ത ഉദ്യോഗസ്ഥനും), ലീലാ വെങ്കട്ടരാമൻ, കിരൺ കാർണിക് എന്നിവർ ഓർമ്മയിലുണ്ട്. കേരളത്തിൽ നിന്നടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുളള മികച്ച സർഗപ്രതിഭകൾ മിനി പരമ്പരകൾക്കായി വിശദാംശങ്ങൾ സമർപ്പിച്ചിരുന്നു. കൂടാതെ ബോംബെയിലും മദിരാശിയിലും ചാനലിന്റെ നടത്തിപ്പിന് ഉപദേശക സമിതികൾ: സാഹിത്യം, കല, പത്രപ്രവർത്തനം, തിയേറ്റർ മേഖലയിൽനിന്നുളള പ്രഗത്ഭരിൽ ചിലർ ശോഭ ഡെ, ബച്ചി കർക്കാരിയ, എൻ.റാം തുടങ്ങിയവരെ ഓർക്കുന്നു. മറ്റുളളവരെല്ലാം തന്നെ തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികവ് പുലർത്തിയവർ. 
ദിലീപ് പഡ്ഗാവോങ്കർ, രമേശ് ശർമ്മ, രാഘവ് ബെഹൽ, പ്രണോയ് റോയ്, തരുൺ തേജ്പാൽ, ശാന്തനു ഡെ, സഞ്ജയ് റോയ് തുടങ്ങിയ പ്രഗത്ഭർ ചാനലിനുവേണ്ടി പരിപാടികൾ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ടു. സാഹിത്യ, പത്രപ്രവർത്തനരംഗങ്ങളിൽ നിന്നുളള ഇവരുമായൊക്കെ ഇടപഴകുന്നത് വലിയ അനുഭവപാഠമായിരുന്നു. (തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹെ ഫെസ്റ്റിവൽ നടന്നപ്പോൾ). കൂടാതെ ബോംബെയിൽ ഷെയർ മാർക്കറ്റിൽ നിന്ന് തത്സമയം സംപ്രേഷണം ചെയ്യാനുളള തയ്യാറെടുപ്പുകളും നടത്തി; പ്രതാപ് പഡോഡെ എന്ന ഊർജ്ജസ്വലനായ യുവാവായിരുന്നു അതിനായി നിയോഗിക്കപ്പെട്ടിരുന്നത്. അതിന്റെ തയ്യാറെടുപ്പ് ശ്രമകരമായിരുന്നു. ബോംബെ ദലാൽ സ്ട്രീറ്റിൽ നിന്ന് വർളിയിലെ ദൂരദർശൻ കേന്ദ്രത്തിലേക്ക് സ്ഥിരമായി മൈക്രോവേവ് ബന്ധം വേണം. അവിടെ നിന്ന് തത്സമയ സംപ്രേഷണം നടക്കണം.പക്ഷേ അതിന്റെ പുതുമ വലിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കി. ബാംഗ്ലൂരിൽ നിന്ന് മഹേഷ് ദത്താനിയുടെ ഇംഗ്ലീഷ് നാടകങ്ങൾ, മദിരാശിയിലെ മാർഗഴി  നൃത്ത-സംഗീതോത്സവങ്ങൾ തുടങ്ങിയവയൊക്കെ തത്സമയം സംപ്രേഷണം ചെയ്യാൻ തയ്യാറെടുപ്പുകൾ നടത്തി. പരിപാടികളിൽ പങ്കാളിയായ വീർ സാംഗ് വി തന്റെ പത്രാധിപത്യത്തിലുളള പ്രമുഖ ഇംഗ്ലീഷ് വാരികയായ സൺഡേയിൽ ഒരാഴ്ച കവർസ്‌റ്റോറിയായി കൊടുത്തത് ദൂരദർശൻ3 ചാനലിനെപ്പറ്റിയായിരുന്നു. പരിപാടികളിൽ മാസത്തിലൊരു തവണഒരു മണിക്കൂർ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്ന പരിപാടിക്കായും നീക്കിവെച്ചിരുന്നു.

Latest News