മലപ്പുറം- സാമ്പത്തിക പ്രയാസം അനുഭവിക്കുകയും അതിന്റെ പേരിൽ ജപ്തി നേരിടുകയും ചെയ്യുന്ന ആദ്യത്തെയാളല്ല താനെന്നും തനിക്കെതിരെ കൃത്യമായ മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പി.വി അൻവർ എം.എൽ.എ.
കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് നിൽക്കുന്നതെന്നും ആഫ്രിക്കയിൽ നിന്ന് ആദ്യത്തെ തവണ തിരികെ എത്തിയപ്പോൾ തന്നെ അത് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. അൻവറിന്റെ വാക്കുകൾ:
നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ചിലരുടെ പ്രത്യേക ലക്ഷ്യങ്ങളുടെ പുറത്ത് പൂട്ടികെട്ടിച്ചു. ഒരുപക്ഷേ,പി.വി.അൻവർ ഇടതുപക്ഷ എം.എൽ.എ ആയിരുന്നില്ലെങ്കിൽ,അതൊക്കെ ഇന്നും അവിടെ തന്നെ നിലനിൽക്കുമായിരുന്നു. ഇതിന്റെയെല്ലാം പിന്നിൽ ഏറ്റവും ശക്തമായി പ്രവർത്തിച്ചത് നമ്മുടെ മാധ്യമങ്ങളാണ്. ഏഷ്യാനെറ്റ് എന്ന സ്ഥാപനമാണ് അതിന്റെ മുൻനിരയിലുണ്ടായിരുന്നത്. വ്യക്തിവിരോധത്തിനപ്പുറം ഒന്നിനോടുമുള്ള പ്രതിബദ്ധതയൊന്നുമല്ല ഇവരെ കൊണ്ട് ഈ നിലപാടെടുപ്പിക്കുന്നത്.അങ്ങനെയെങ്കിൽ,ഏഷ്യാനെറ്റിന്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖർ കുമരകത്ത് സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച റിസോർട്ടും,അതീവ പരിസ്ഥിതി ലോല പ്രദേശത്ത് റിസോർട്ടിന്റെ പേരിൽ നടത്തിയ നിർമ്മാണങ്ങളും ചോദ്യപ്പെടേണ്ടതുണ്ട്.തങ്ങളുടെ അന്നദാതാവ് നടത്തിയ,നടത്തികൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പിന്നാലെ പോയാൽ വിനുവിനും ഷാജഹാനുമൊക്കെ അതിനേ നേരം കാണൂ.
ഇടതുപക്ഷ സഹയാത്രികനായതിന്റെ പേരിൽ എനിക്കുണ്ടായിട്ടുള്ള ഈ നഷ്ടങ്ങളൊക്കെ,എന്റെ വ്യക്തിപരമായി നഷ്ടങ്ങൾ മാത്രമാണ്.അതൊക്കെ അങ്ങനെ തന്നെ കാണാനാണ് എനിക്കിഷ്ടം.ഒന്നിന്റെയും പേരില്ല നഷ്ടബോധമോ,പശ്ചാത്താപമോ ഇല്ല.ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വേട്ടയാടപ്പെടുന്നത് എന്നതിൽ അഭിമാനമുണ്ട്.അതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാനില്ല.ആരുടെയും സഹതാപമോ,സഹായമോ ആവശ്യമില്ല.മുൻപൊക്കെ,ഒരുപാട് തവണ പറഞ്ഞിട്ടുള്ളത് പോലെ പറയാനുള്ളത് വിളിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും.
സാമ്പത്തിക പ്രതിസന്ധി എല്ലാവർക്കും ഉണ്ടാകാറുണ്ട്.ചന്ദ്രിക ദിനപത്രത്തിൽ ശമ്പളം മുടങ്ങിയിട്ട് കാലങ്ങളായി.ഇന്ത്യാവിഷൻ എന്ന ലീഗ് നേതാക്കൾ നേതൃത്വം നൽകിയ ചാനൽ കടം കയറി പൂട്ടിയിട്ട് കാലങ്ങളായി.റിപ്പോർട്ടർ,മംഗളം എന്നീ ചാനലുകൾ എവിടെയെങ്കിലും ഇൻവെസ്റ്റേഴ്‌സിനെ കിട്ടുമോ എന്ന് തിരഞ്ഞ് നടക്കുന്നു എന്നും വ്യക്തായ അറിവുണ്ട്.മാധ്യമ രംഗത്ത് ഉൾപ്പെടെ എല്ലായിടത്തും സാമ്പത്തിക ബാധ്യതകൾ ഉണ്ടാവാറുണ്ട്.അത് ഇങ്ങനെ വ്യക്തിപരമായി അക്രമിക്കാനുള്ള വടിയായി ഉപയോഗിക്കാനാണെങ്കിൽ,എനിക്ക് പറ്റുന്ന പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിരോധിക്കും.
ഏഷ്യാനെറ്റിന്റെ ഉടമസ്ഥരായ ജൂപിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തന്നെ പടുതുയർത്തിയിരിക്കുന്നത് ചതിയുടെയും വഞ്ചനയുടെയും പുറത്താണ്.ബി.പി.എൽ എന്ന സ്ഥാപനം ഇല്ലാതായിടത്ത് നിന്നാണ് അവരുടെ തുടക്കം.600 കോടിയിൽപ്പരം രൂപ കഴിഞ്ഞ ദിവസങ്ങളിൽ പിഴ അടച്ച മാധ്യമ മുതളാളിമാരും കേരളത്തിലുണ്ട്.ഇങ്ങോട്ട് എങ്ങനെയോ,ആ മാന്യത മാത്രം തിരിച്ചും പ്രതീക്ഷിച്ചാൽ മതി.നിന്നെയൊക്കെ തൊഴാൻ സൗകര്യമില്ല.ഒരു മാധ്യമ മേലാളന്റെയും ഒരു പിന്തുണയും എനിക്ക് ആവശ്യമില്ല.ഇന്ത്യയിൽ ആദ്യമായി ഭൂമി പണയപ്പെടുത്തി ലോൺ എടുത്ത്,ജപ്തി നടപടി നേരിടുന്ന വ്യക്തിയൊന്നുമല്ല പി.വി.അൻവർ.ചില ചാനലിലെ എച്ചിൽ തീനികൾക്ക് വ്യക്തിപരമായി എന്തെങ്കിലും വിരോധമുണ്ടെങ്കിൽ,അത് തൽക്കാലം അങ്ങ് കൈയ്യിൽ വച്ചാൽ മതി.
ഒരു കള്ളപ്പണ ഇടപാടും നടക്കുന്ന സ്ഥലത്ത് നിന്നും ഇൻകം ടാക്‌സുകാരേ കണ്ട് ഞാൻ ഓടി പോയിട്ടില്ല.ജ്വല്ലറി നടത്തി,ഉള്ളിൽ പോയിട്ടില്ല.അങ്ങനെ ഉടയാത്ത ഒരു തങ്കപ്പെട്ട വിഗ്രഹങ്ങളും ഇന്ന് ലീഗിലോ കോൺഗ്രസിലോ ഇല്ല.അതും ആഘോഷ കമ്മറ്റിക്കാർ മറക്കരുത്.