തിരുവനന്തപുരം- സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ ഉൻമൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിൽ അത്തരം നിലപാടിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യവ്യാപകമായി സി.പി.എമ്മിനെ ഉൻമൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോഡിയാണ് സി.ബി.ഐയെ ഭരിക്കുന്നത്. സി.ബി.ഐയെ ഉപയോഗിച്ച്് സി.പി.എമ്മിനെ തകർക്കാൻ നോക്കിയാൽ അതിന് കീഴടങ്ങില്ല. ടാഡ, പോട്ട, മിസ തുടങ്ങി നിരവധി വകുപ്പുകൾ സി.പി.എം നേരിട്ടിട്ടുണ്ട്. ശുഹൈബ് വധക്കേസിൽ പാർട്ടിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. ലാവ്‌ലിൻ കേസിൽ സി.ബി.ഐ പിണറായി വിജയനെ കുടുക്കിയത് പ്രത്യക്ഷ തെളിവായിരുന്നു. സി.ബി.ഐയെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ നോക്കേണ്ടെന്നും കോടിയേരി പറഞ്ഞു.