കണ്ണൂർ- സി.ബി.ഐയെ കാട്ടി സി.പി.എമ്മിനെ പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ശുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി നടപടിയെ പറ്റി പ്രതികരിക്കുകയായിരുന്നു ജയരാജൻ. ശുഹൈബ് വധക്കേസിൽ സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. രാജ്യത്തുടനീളം മാർക്‌സിസ്റ്റ് പാർട്ടിയെ തുടച്ചുനീക്കാനുള്ള നീക്കമാണ് നടക്കുന്നത്. സി.ബി.ഐയെ വരുത്തി സി.പി.എമ്മിനെ വിരട്ടമാമെന്ന് ആരും കരുതേണ്ടതില്ലെന്നും ജയരാജൻ ആവർത്തിച്ചു.
ശുഹൈബ് വധക്കേസിൽ സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. സി.ബി.ഐക്ക് അന്വേഷണം കൈമാറിയുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. കൊലപാതകത്തെ സി.പി.എം അപലപിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് പാർട്ടി ആവശ്യപ്പെട്ടത്. കേരള പോലീസ് കാര്യമായി അന്വേഷിച്ചിട്ടുണ്ട്. ഗൂഢാലോചന വരെ പോലീസ് അന്വേഷിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹൈക്കോടതിയിൽ അപേക്ഷ വന്നത്. സി.ബി.ഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ല. സർക്കാർ പറഞ്ഞതെല്ലാം കോടതി കേട്ടിട്ടുണ്ടോ എന്ന കാര്യം സർക്കാറാണ് വ്യക്തമാക്കേണ്ടത്. കോടതി വിധിയിൽ സി.പി.എം ജില്ലാ കമ്മിറ്റിക്ക് എതിരായി എന്തെങ്കിലുമുള്ളതായി കണ്ടെത്തിയിട്ടില്ല. ഉണ്ടെങ്കിൽ നിയമപരമായി നേരിടും. ശുഹൈബ് കൊലക്കേസിലെ പ്രതികൾ ഡമ്മികളാണ് എന്ന് ആരോപിച്ചത് കോൺഗ്രസാണ്. പിന്നീട് കോൺഗ്രസ് തന്നെ അത് തിരുത്തിപറഞ്ഞു. ഗൂഢാലോചന അടക്കം അന്വേഷിക്കുന്നതിനിടെയാണ് സി.പി.ഐക്ക് വിട്ടത്. പാർട്ടി അന്വേഷിക്കുന്നത് പാർട്ടിയുടെ ഭരണഘടന പ്രകാരമാണെന്നും പി.ജയരാജൻ പറഞ്ഞു.
സി.ബി.ഐയെ കാട്ടി സി.പി.എമ്മിന് വിരട്ടാൻ നോക്കണ്ട. സി.പി.എമ്മിനെ അടിച്ചമർത്താൻ പലരും നോക്കിയിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങൾ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായാണ് ത്രിപുരയിൽ ഗർഭിണിയെ അടക്കം ചവിട്ടിക്കൊന്നത്. ചുവപ്പുഭീകരത എന്ന സംഘ്പരിവാർ മുദ്രാവാക്യത്തെ കോൺഗ്രസ് ഏറ്റെടുത്തു. ആർ.എസ്.എസും വിഘടനവാദികളും കോൺഗ്രസും ചേർന്നാണ് ത്രിപുരയിൽ അക്രമം നടത്തുന്നത്. ത്രിപുരയിൽ അക്രമം നടത്തുന്നത് പഴയ കോൺഗ്രസുകാരാണ്. സി.ബി.ഐയെ സി.പി.എമ്മിന് പേടിയില്ല. ശുഹൈബ് വധക്കേസിൽ പാർട്ടി അന്വേഷിച്ചുകണ്ടെത്തിയ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുമെന്നും ജയരാജൻ പറഞ്ഞു.