നെടുമ്പാശേരി- രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കൊച്ചിയില്‍നിന്നു പോയ ആദ്യ ഉംറ സംഘം ഇന്നലെ ഒമാന്‍ എയറില്‍ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി. വിമാനത്താവളത്തില്‍ പി.എ.എം.സലീം സഖാഫിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കോവിഡ് നിയന്ത്രണങ്ങള്‍ മക്കയില്‍ ഉംറ നിര്‍വഹണത്തിനും മദീനയില്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബര്‍ സിയാറത്തിനും തടസമായില്ലെന്ന് സംഘത്തെ നയിച്ച അബ്ദുല്‍ ജബ്ബാര്‍ സഖാഫി പറഞ്ഞു. ക്വാറന്റയിന്‍ ഉംറക്കാര്‍ക്ക് വേണ്ടി വന്നില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ തടസമില്ലെങ്കില്‍ തവക്കല്‍ന എന്ന ആപ്പില്‍ പച്ച തെളിയും. പൊതു ഇടങ്ങളില്‍ എവിടെയും പ്രവശനത്തിന് ഇത് നിര്‍ബന്ധമാണ്. സംസം ജലം കൊണ്ടുവരാന്‍ എയര്‍ലൈനുകളില്‍ അനുവാദമുണ്ടായിരുന്നില്ലെന്നും മറ്റ് ഒരിടത്തും തടസമുണ്ടായില്ലെന്നും തീര്‍ഥാടകന്‍ കെ.കെ. അബ്ദുല്‍ ജമാല്‍ പറഞ്ഞു. അഞ്ചു ലക്ഷദ്വീപുകാര്‍ ഉള്‍പ്പെടെ 17 സ്ത്രീകളടങ്ങിയ 32 അംഗ സംഘത്തിലെ 2 പേരെ മദീനയില്‍ വെച്ച് ആശുപത്രിയില്‍ പ്രവശിപ്പിക്കേണ്ടി വന്നതിനാല്‍ മടങ്ങി എത്താനായില്ല. രണ്ട് ദിവസത്തിനകം അവര്‍ എത്തി ചേരുമെന്ന് സഅദിയ ട്രാവല്‍സ് ഉടമ സലീം സഖാഫി അറിയിച്ചു. കൊച്ചി വഴി ആയിരക്കണക്കിന് ഉംറാ തീര്‍ഥാടകര്‍ക്ക് ഇനി ഇതോടെ അവസരമൊരുങ്ങിയതായും സംഘാടകര്‍ പറഞ്ഞു.