Sorry, you need to enable JavaScript to visit this website.

ശുഹൈബ് വധം സി.ബി.ഐക്ക് വിട്ടു

കൊച്ചി- ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ശുഹൈബ് വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കേരള പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുകയാണെന്ന് കോടതി വിലയിരുത്തി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് വിട്ടാണ് കോടതിയുടെ ഉത്തരവ്. ശുഹൈബ് കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. രാഷ്ട്രീയക്കാർ തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സത്യസന്ധവും സുതാര്യവുമായ അന്വേഷണമാണ് വേണ്ടത്. ഉന്നതരാഷ്ട്രീയക്കാർ തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇരകളാക്കുന്നതെല്ലാം സാധാരണക്കാരാണ്. ഇനിയാരും ഇരകളാകാൻ പാടില്ലെന്നും കോടതി ചൂ്ണ്ടിക്കാട്ടി. 
ശുഹൈബിനെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മറയക്കുപിന്നിലുള്ളവരെയും കണ്ടെത്തണം. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമല്ല. യു.എ.പി.എ ചുമത്തേണ്ട കേസാണിത്. എന്തുകൊണ്ടാണ് ഈ കേസിൽ യു.എ.പി.എ ചുമത്താതിരുന്നത്. സമാനമായ കേസിൽ നേരത്തെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.  പ്രതിയെ കയ്യിൽ കിട്ടിയിട്ടും ആയുധം കണ്ടെത്താനായില്ല. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കോടതി വ്യക്തമാക്കി.  
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നും ആരാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും ജസ്റ്റീസ് കമാൽ പാഷ ചോദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളിൽ പലരും കൈ കഴുകി പോകുകയാണ്. ഒരു ചെറുവിരൽ എങ്കിലും അനക്കാനാകുമോ എന്നാണ് കോടതി അന്വേഷിക്കുന്നത്. പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. അതേസമയം, ആവശ്യമായത് ചെയ്തിട്ടില്ല. ഒന്നാം പ്രതിയെ പിടികൂടിയിട്ടും ആയുധം എവിടെയാണെന്ന് കണ്ടെത്തിയില്ല. പ്രതിയോട് ഒന്നും പോലീസ് ചോദിച്ചിട്ടില്ല. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്നും ജസ്റ്റീസ് കമാൽ പാഷ പറഞ്ഞിരുന്നു. 
അതേസമയം, ശുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. സർവ്വകക്ഷി യോഗത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ യു.എ.പി.എ ചുമത്താനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
 

Latest News