നിലമ്പൂര്‍-ഇവിടേക്കടുത്ത വഴിക്കടവില്‍ നടുറോഡില്‍ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ച്ച മുമ്പ് ജനുവരി ഇരുപത്തിയെട്ടിനാണ് സംഭവം നടന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയിലേക്ക് പോകുന്നതിനിടയാണ് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
മണിമൂളിയിലെ നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ വിനീഷ് വീട്ടമ്മയെ കണ്ട് ബൈക്ക് നിര്‍ത്തി കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒച്ച വച്ചതോടെ പ്രതി ബൈക്കില്‍ രക്ഷപെട്ടു.
ഇവരുട പരാതിയില്‍ പ്രദേശത്തെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും ബൈക്കുകള്‍ കേന്ദ്രീകരിച്ചും വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിനീഷിനെ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.